ദേവസ്വം ബോര്‍ഡിൻ്റെ നിലപാടില്‍ മാറ്റം; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രസിഡന്റ് പദ്മകുമാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ദേവസ്വം ബോര്‍ഡിൻ്റെ  നിലപാടില്‍ മാറ്റം; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രസിഡന്റ് പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ട് എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തുടര്‍ നടപടികള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ചെന്നും പദ്മകുമാര്‍ വ്യക്തമാക്കി. ആചാരം മുന്‍ നിര്‍ത്തി ശബരിമലയെ മുന്നോട്ട് കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. ക്ഷേത്രത്തിന് ഒരുദോഷവും വരാന്‍ ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണ്. ശബരിമലയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പരിഹാരം കണ്ടെത്താന്‍ ബാധ്യസ്ഥരാണ് അവരും. ആരോടും ദേവസ്വം ബോര്‍ഡിന് വാശിയില്ലെന്നും എ.പദ്മകുമാര്‍ അറിയിച്ചു. അതേസമയം ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്നത്. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടത്തിയ റോഡ് ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ നടത്തിയ റാലിക്കിടയില്‍ റോഡിന്റെ ഒരു വശത്തു കൂടെ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമരക്കാര്‍ അറിയിച്ചതോടെ ഇവരെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

0Shares