പഞ്ച്കുള: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത്(36) അറസ്റ്റില്‍. ഹരിയാന പോലിസ് ചൊവ്വാഴ്ച രാവിലയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സിറാഖ്പൂര്‍ പാട്യാല റോഡില്‍ വച്ചാണ് പ്രീതിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പഞ്ച്കുള പോലിസ് കമ്മിഷ്ണര്‍ എ.എസ് ചൗള പറഞ്ഞു. പ്രീതിനൊപ്പം മറ്റൊരു സ്ത്രീയെയും പോലിസ് അറസ്റ്റുചെയ്തിരുന്നു. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇത് സംപ്രക്ഷേപണം ചെയ്ത് കഴിഞ്ഞ ഉടനെയാണ് അറസ്റ്റു നടന്നത്. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത്, റാം റഹിമിന്റെ നിര്‍ദേശമനുസരിച്ച് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു.
ഇരുവരും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമല്ലെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഗുര്‍മീതിന്റെ ജയില്‍ശിക്ഷയെ തുടര്‍ന്ന് പഞ്ച്കുളയിലും സമീപ പ്രദേശങ്ങളിലും കലാപത്തിന് ആഹ്വാനം ചെയ്തത് ഹണിപ്രീത് ആണെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. അതിനിടെ, ഗുര്‍മീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നും ഹണിപ്രീത് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിര്‍സയിലെ ആശ്രമത്തില്‍ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.