
ആലപ്പുഴ: വെളളപ്പൊക്ക ദുരിതാശ്വാസസഹായം നല്‍കിയില്ലെന്നാരോപിച്ച് വ്യാപാരിക്ക് ആള്‍കൂട്ട മര്‍ദ്ദനം. ഹരിപ്പാട് നാരകത്തറ ജങ്ഷനിലെ ലക്ഷ്മി ഫുട്ട് വെയര്‍ ഉടമ ശിവന്‍കുട്ടി (45)യെയാണ് കടയില്‍വച്ച് ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ ചെവിക്കും മറ്റും പരിക്കേറ്റ ശിവന്‍കുട്ടിയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലെ സി.സി.ടി.വിയില്‍നിന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. 
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 500 ജോഡി ചെരുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം ആളുകള്‍ ശിവന്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വിളിച്ച ആളുകളെ തനിക്കറിയില്ലെന്നും അതുകൊണ്ടുതന്നെ സഹായം നല്‍കാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കടയിലെത്തിയ സംഘം ശിവന്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ദുരിതാശ്വാസത്തിനായി നേരത്തെ 50 ജോഡി ചെരുപ്പും 5,000 രൂപയും കൊടുത്തിട്ടുണ്ടെന്നു ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.