ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയതും ആഡംബര പൂര്‍ണവുമായ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ് പോലീസിന്റെ പക്കലുള്ളത്. കൊള്ളക്കാര്‍ക്കും കുറ്റവാളികള്‍ക്കും പോലീസിന്റെ കണ്‍വെട്ടിച്ച് പഴയപോലെ ഇനി കരമാര്‍ഗ്ഗം കടന്നു കളയാമെന്ന വ്യാമോഹം നടക്കില്ല. ലോകത്തിലെ ഏറ്റവും വേഗതയുള്ള പൊലീസ് കാറുകളുള്ളത് ദുബായിലാണെന്ന് കൊള്ളക്കാര്‍ ഓര്‍ത്തിരിക്കുന്നത് നന്ന്. ഈ അംഗീകാരത്തിലൂടെ ദുബായ് പോലീസ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ കാറായ ബുഗാഡി വെയറോണിന്റെ ആഗമനത്തോട് കൂടിയാണ് ദുബായ് പൊലീസിന്റെ കിരീടത്തില്‍ ഈ പൊന്‍ തൂവല്‍ സ്ഥാനം പിടിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഈ കാര്‍ ദുബായ് പോലീസ് സ്വന്തമാക്കിയത്. 10.5 കോടി രൂപ വില വരുന്ന ബുഗാഡിക്ക് മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും.

16 സിലിണ്ടര്‍ എന്‍ജിന് 1000 ഹോര്‍സ്പവര്‍ ഉത്പാദിപ്പിക്കുന്ന ബുഗാഡി 2.5 സെക്കന്റുകള്‍ക്കുള്ളില്‍ 97 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ദുബായിലെ പ്രധാന ടൂറിസ്റ്റ് ഇടങ്ങളായ ബുര്‍ജ് ഖലീഫാ, ഷെയ്ക്ക് മുഹബ്ത്ത് ബിന്‍ റാഷിദ് നടപ്പാതകളിലും ആഡംബര കാറുകളില്‍ പൊലീസ് റോന്തു ചുറ്റും. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍774, ഔഡി ആര്‍8, ബെന്റിലി കോണ്ടിനെന്റല്‍ ജിടി, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എം6, ഷെവര്‍ലെ കമാറോ, ഫെരാരി എഫ്എഫ്, ഫോര്‍ഡ് മസ്താങ്, ലംബോര്‍ഗ്നി അവന്റഡോര്‍, മെക്ലാറന്‍ എംപി412സി, മെഴ്സിഡസ് ബെന്‍സ് എസ്.എല്‍63 എ.എം.ജി, നിസാന്‍ ജി.ടി.ആര്‍ തുടങ്ങി നിരവധി സൂപ്പര്‍ കാറുകളുണ്ട് ദുബൈ പൊലീസിന്റെ ശേഖരത്തില്‍. കുറ്റവാളികളെ പിന്തുടരുക എന്നതിനെക്കാള്‍ ഉപരി വിനോദ സഞ്ചാരികളുടെ കൗതുകത്തിനായിട്ടാണ് ദുബായ് പൊലീസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്. എന്തായാലും കൊള്ളക്കാരും കുറ്റവാളികളും ഇനിമേല്‍ ജാഗ്രത പാലിച്ചേ മതിയാകൂ. അല്ലെങ്കില്‍ കുടുങ്ങുമെന്നുറപ്പ്.