കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയെ തള്ളി സിനിമയിലെ തന്നെ പുതിയ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്ന് നടന്‍ കമല്‍ഹസന്‍. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ തിരിച്ചെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാകാര്യ ചാനല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം. കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളില്‍ സെന്‍സര്‍ഷിപ്പുണ്ട്. സര്‍ട്ടിഫിക്കറ്റ് മതി, കട്ടുകള്‍ വേണ്ട സിനിമയില്‍ എന്നു ശ്യാം ബെനഗല്‍ പറഞ്ഞിട്ടുണ്ട്.
ചലച്ചിത്ര നിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കാനാണു സെന്‍സര്‍ഷിപ്പിനു താല്‍പര്യം. പക്ഷേ അതു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാല്‍ പോരേ? എന്തു കാണണം, എന്തു കാണേണ്ട എന്ന കാര്യത്തില്‍. ഇതു കുട്ടികള്‍ക്ക് അല്ലെങ്കില്‍ മുതിര്‍ന്നവര്‍ക്ക് എന്ന സര്‍ട്ടിഫിക്കറ്റ് മതി. പ്രമുഖ മാധ്യമം നടത്തിയ പ്രത്യേക ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതും ആലോചനയിലുണ്ട്. അഭിനയിക്കാനറിയില്ല എന്നതാണു മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടപ്പെടാനുള്ള പ്രധാനകാരണം. ചോദ്യങ്ങളെ എന്നും ഇഷ്ടപ്പെടുന്ന ആളാണു താന്‍. രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ചോദ്യങ്ങളെ ഭയക്കുന്നില്ല. സ്വാതന്ത്ര്യത്തിലാണു ജനാധിപത്യ സര്‍ക്കാരിന്റെ അടിത്തറ. ജനങ്ങള്‍ തന്നെ നല്ല നടന്മാരായിക്കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇനി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കമല്‍ പറഞ്ഞു.
ദിലീപ് വിഷയം: അമ്മയെ തള്ളി ഡബ്ല്യു.സി.സി.ക്ക് പിന്തുണ നല്‍കി കമല്‍ഹാസന്‍