കൊച്ചി: നടന്‍ ദിലീപ് ജീവിതത്തില്‍ വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വിവാഹ മോചനവും പുനര്‍ വിവാഹവും അതേ തുടര്‍ന്നുള്ള ആരോപണ കോലാഹലങ്ങളും. എല്ലാറ്റിന്റെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ഒളിയമ്പും കല്ലേറും ആക്രോശങ്ങളും. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് കുറേ കാലമായി ദിലീപ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കൂനിന്‍മേല്‍ കുരു എന്നപോലെ അതിനിടയിലാണ് തെന്നിന്ത്യയിലെ പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന ആരോപണം ഏറ്റുവാങ്ങേണ്ടി വന്നത്. നാലുഭാഗത്തു നിന്നും കല്ലേറുണ്ടായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഏറെയാണ് പണിപ്പെട്ടത്. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന ഇലയില്‍ വീണാലും കേട് ഇലക്ക് തന്നെ എന്ന മട്ടിലായിരുന്നു ധര്‍മ്മ സങ്കടങ്ങളുടെ നടുവില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്ന ഈ താരത്തിന്റെ അവസ്ഥ. കുറ്റപ്പെടുത്തലുകള്‍ക്കും പഴിചാരലുകള്‍ക്കുമൊടുവില്‍ സഹികെട്ടാണ് ഇപ്പോള്‍ ദിലീപ് പൊതു സമൂഹത്തിന്റെ മുന്നിലേക്ക് വന്ന് തന്റെ മനസ്സ് തുറന്നത്.

മഞ്ജുവാര്യരുമായുള്ള വിവാഹമോചനത്തിന്റെ പേരില്‍ പലരും തന്നെയാണ് ക്രൂശിക്കുന്നത്. എന്നാല്‍ അതിനു പിറകില്‍ ചില കാണാപ്പുറ കാഴ്ച്ചകളുണ്ട്. തങ്ങളെ വേര്‍പ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ ചില പ്രമാണിമാരുണ്ട്. ആ പ്രമുഖന്മാരെക്കുറിച്ച് തത്കാലം താന്‍ ഒന്നും പറയുന്നില്ലെന്നും ആവശ്യമായ സന്ദര്‍ഭത്തില്‍ അത് വെളിപ്പെടുത്താമെന്നും ദിലീപ് പറയുന്നു. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് കാവ്യയാണ് ഉത്തരവാദി എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കാവ്യയെ വിവാഹം കഴിക്കണമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍ കാവ്യയെയും തന്നെയും ബന്ധപ്പെടുത്തി ചിലര്‍ ഭാവനാത്മകമായ വാര്‍ത്തകള്‍ സൃഷ്ടിച്ച് കൊണ്ടേയിരുന്നു.

യാഥാര്‍ത്ഥ്യത്തിന്റെ അംശം അതില്‍ ഇല്ലായിരുന്നെങ്കിലും വലിയൊരു വിഭാഗം ആളുകള്‍ അത്തരം വാര്‍ത്തകളാണ് വാസ്തവം എന്ന് ധരിച്ചു വച്ചു. കാവ്യയുടെ ഹൃദയത്തിലും അത് പോറല്‍ വീഴ്ത്തി. ഞാന്‍ നിമിത്തം കാവ്യയുടെ ജീവിതത്തില്‍ വിള്ളല്‍ ഉണ്ടാവരുതെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഒടുവില്‍ കാവ്യയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത്. ഇതിന് മകളും പൂര്‍ണ്ണ പിന്തുണ നല്‍കി. കാവ്യയ്ക്ക് എന്റെ മകളുടെ അമ്മയാകാന്‍ ഒരിക്കലും പറ്റില്ല. മകള്‍ക്ക് അവളെ അമ്മയായി കാണാനും പറ്റില്ല എന്ന് എനിക്ക് അറിയാം. പക്ഷേ അവര്‍ എന്നും നല്ല കൂട്ടുകാരായിരിക്കും. രണ്ടാം വിവാഹം ആലോചിച്ചത് തന്നെ മകളെ ഓര്‍ത്താണ്. ഇതേക്കുറിച്ച് ആദ്യം അഭിപ്രായം ചോദിച്ചതും അവളോടാണ്. മകള്‍ മീനൂട്ടിക്കും കാവ്യയെ അത്രമേല്‍ ഇഷ്ടമാണ്-ദിലീപ് കുട്ടിച്ചേര്‍ത്തു.