കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നും ഹൈക്കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചതോടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വരുന്ന ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതോടെ ദിലീപ് ജയിലില്‍ തന്നെ കഴിയേണ്ടി വരുന്ന സൂചനയാണ് പോലിസില്‍ നിന്നും ലഭിക്കുന്നത്. അതേസമയം കുറ്റപത്രം സമര്‍പിക്കാനുള്ള തിടുക്കത്തിലാണ് അന്വേഷണ സംഘം. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍ കേസിലെ രണ്ടാമത്തെ കുറ്റപത്രം തിടുക്കപ്പട്ട് സമര്‍പ്പിച്ചേക്കില്ല. കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവശ്യമായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ജാമ്യാപേക്ഷകളില്‍ ഒന്നും രണ്ടും തവണയല്ല ദിലീപിന് ഇത്തരത്തില്‍ നിരാശനാകേണ്ടി വന്നിരിക്കുന്നത്. ആദ്യം അങ്കമാലി കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപിന്റെ പ്രതീക്ഷകള്‍ ഫലം കണ്ടില്ല.
ഹൈക്കോടതിയും അങ്കമാലി കോടതിയും ഓരോതവണ വീതം ദിലീപിന് ജാമ്യം നിഷേധിച്ചു. രണ്ടാം തവണ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാകട്ടെ ഇത് രണ്ടാം തവണയാണ് പരിഗണിക്കാന്‍ മാറ്റിവെയ്ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം തന്നെ ഈ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ആദ്യ ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കൂടുതല്‍ തടവ് ആവശ്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ദിലീപ് രണ്ടാം ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സിനിമാ വ്യവസായത്തിലെ ചിലര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസിന്റെ വാദം.