ദിലീപിന് പ്രതിരോധം തീര്‍ത്ത ഗണേഷ് കുമാർ, ഇന്നസെന്റ്, മുകേഷ് എന്നിവരുടെ രാഷ്ട്രീയ ഭാവിയ്ക്കും ഇമേജിനും മങ്ങലേൽക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന് പ്രതിരോധം തീര്‍ത്ത ഗണേഷ് കുമാർ, ഇന്നസെന്റ്, മുകേഷ് എന്നിവരുടെ രാഷ്ട്രീയ ഭാവിയ്ക്കും ഇമേജിനും മങ്ങലേൽക്കുന്നു

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ടതിന് ശേഷം കൂടിയ ”അമ്മ’യുടെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ദിലീപിന് പ്രതിരോധം തീർത്ത കെ.ബി. ഗണേഷ് കുമാർ, ഇന്നസെന്റ് , മുകേഷ് എന്നിവരുടെ രാഷ്ട്രീയ ഭാവിയ്ക്കും ഇമേജിനും മങ്ങലേൽക്കുന്നു. ദിലീപിന് വേണ്ടി ഏറ്റവും ക്ഷുഭിതനായി മാധ്യമ പ്രവർത്തകരോട് സംസാരിച്ചത് ഇടതുപക്ഷ എം.എൽ.എ കൂടിയായ മുകേഷ് ആയിരുന്നു. വാർത്താ സമ്മേളനം കഴിഞ്ഞപ്പോൾ തന്നെ, ദിലീപിനെ പിന്തുണച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ശാസനയും സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനവും മുകേഷ് ഏറ്റുവാങ്ങിയിരുന്നു. ഉപദ്രവിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ മക്കളാണെന്നും അവരെ ഒരുപോലെ സംരക്ഷിക്കുമെന്നും സംഘടന പിളരില്ലെന്നുമായിരുന്നു പത്രസമ്മേളനത്തിൽ ക്ഷുഭിതനായി എഴുന്നേറ്റു നിന്ന് ഗണേഷ് കുമാർ പ്രതികരിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുക്കു പരമേശ്വരൻ ഉൾപ്പടെയുള്ളവർ  ആ സമയം ആർപ്പുവിളിച്ചു പ്രതികരിച്ചതും വിവാദമായിരുന്നു.

“അവൻ എന്നോട് പറഞ്ഞു, തെറ്റൊന്നും ചെയ്തിട്ടില്ല” എന്നാണ് താൻ ദിലീപിനെ പിന്തുണയ്ക്കുന്നതിനുള്ള കാരണമായി ഇടതുപക്ഷ എം.പിയും ”അമ്മ’യുടെ പ്രസിഡന്റുമായ ഇന്നസെന്റ് പറഞ്ഞത്. സിനിമാക്കാർ പൊതുവേദിയിൽ അഭിപ്രായം പറയുമ്പോൾ സൂക്ഷിച്ചുവേണം സംസാരിക്കാൻ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി പറയേണ്ടി വന്നതിലേക്ക് വരെ ഇന്നസെന്റിന്റെ പ്രസ്താവന കൊണ്ടെത്തിച്ചു. ഇന്നസെന്റ് എന്ന വ്യക്തിയേക്കാൾ പ്രസ്ഥാനത്തെയാണ് പരസ്യ പ്രതികരണങ്ങൾ മോശമായി ബാധിക്കുക എന്ന് പാർട്ടി തിരിച്ചറിഞ്ഞിരുന്നു.

ദിലീപിനെ പിന്തുണച്ച സലിംകുമാർ, അജു വർഗീസ്, ഊർമിള ഉണ്ണി, സംവിധായകൻ ലാൽ ജോസ്, നടൻ സിദ്ദീഖ് എന്നിവർ ദിലീപ് പോലീസ് വലയിലായതോടെ പ്രതികരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായി. ‘അമ്മ’ യോഗത്തിൽ ദിലീപിനെ പിന്തുണച്ചവരെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്നതാണ് ദിലീപിന്റെ കൈകളില്‍ വീണ വിലങ്ങ്.

0Shares