
കൊച്ചി: ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കവെ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത് നീട്ടി. ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ശക്തമായ വാദങ്ങളാണ് ദിലീപിന്റെ ജാമ്യത്തിനായി നടത്തിയത്. രാവിലെ വാദം ആരംഭിച്ചപ്പോള്‍ തന്നെ എത്രസമയം വാദത്തിന് വേണമെന്ന് കോടതി ദിലീപിന്റെ അഭിഭാഷനോട് ആരാഞ്ഞു. ഒന്നര മണിക്കൂര്‍ വേണമെന്ന ആവശ്യം കോടതി അനുവദിച്ചു. തുടര്‍ന്ന് വാദം നടത്തിയ ദിലീപിന്റെ അഭിഭാഷകന്‍ ജാമ്യം നല്‍കുന്നത് തടയുന്ന നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ പൊലീസിനെ രൂക്ഷമായി കുറ്റപ്പെടുത്തി.

ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള പ്രോസിക്യൂഷന്‍ വാദം നാളെ നടക്കും. ഇതിനുശേഷമാകും കോടതി വിധി പ്രസ്താവിക്കുക. മൂന്നാം തവണയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ സമര്‍പ്പിച്ചിരുന്ന ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഈ ബെഞ്ച് തന്നെ പരിഗണിച്ചിരുന്നെങ്കിലും തള്ളുകയായിയിരുന്നു.
കേസ് അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ കക്ഷി സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പൊലീസ് നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇപ്പോള്‍ പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള പറഞ്ഞു. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ വാദം ആരംഭിച്ചു. പ്രോസിക്യൂഷന്റെ വാദം നാളെയും തുടരും. ഇത് കൂടി പൂര്‍ത്തിയാക്കിയശേഷമമാകും ജാമ്യഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കുക. നേരത്തെ രണ്ടുതവണ ദിലീപ് ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഒരിക്കല്‍ കൂടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ ദീലീപ് ജാമ്യത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയില്ല. തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
