കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും മൊഴിയെടുക്കൽ പുലര്‍ച്ചെവരെ നീണ്ടു. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.15നാണു അവസാനിച്ചത്. ആലുവ പൊലീസ് ക്ലബില്‍ വെച്ചായിരുന്നു എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ 13 മണിക്കൂറോളം നീണ്ടു നിന്ന മൊഴിയെടുക്കല്‍ നടന്നത്.

എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും പോലീസ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. അതേസമയം, ദിലീപിനെയും നാദിര്‍ഷയെയും മൊഴിയെടുക്കുക വഴി ചെയ്തത് കേസിലെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് പോലീസ് പറഞ്ഞു.

അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘അമ്മ’ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. ബുധനാഴ്ച ദിലീപ് ഇല്ലാതെയാണു അമ്മ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നത്. ചെന്നൈയില്‍ ആയതിനാല്‍ നടി രമ്യാ നമ്ബീശനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇന്നു നടക്കുന്ന അമ്മ വാര്‍ഷികയോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്നു ഇടവേള ബാബു അറിയിച്ചു. എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയായതായി അദ്ദേഹം പറഞ്ഞിരുന്നു.