കൊച്ചി: കിസ്മത്ത് എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ പുതുമ കൊണ്ടുവന്ന പുതുമുഖ സംവിധായകന്റെ കയ്യൊപ്പായിരുന്നു. ഷാനവാസ് എന്ന സംവിധായകന്‍ തന്റെ മനസില്‍ കണ്ട കഥയെ സിനിമയാക്കുമ്പോള്‍ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു നായികയെ തിരഞ്ഞെടുക്കുക എന്നത്. മലയാള സിനിമാ ലോകത്ത് ശ്രദ്ധേയരായ നിരവധി നായികമാരെ കിസ്മത്തിലെ നായികയാവാന്‍ സമീപിച്ചെങ്കിലും കുറേപേര്‍ വിസമ്മതിച്ചു. കാരണം കഥപത്രത്തിന്റെ ജാതിയായിരുന്നു എന്നതാണ് പ്രധാനം.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ പ്രണയിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ചും പറഞ്ഞ സിനിമയാണ് കിസ്മത്ത്. സിനിമയില്‍ ദളിത് പെണ്‍കുട്ടി, തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു മുസ്ലിം യുവാവിനെ പ്രണയിക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു ഇതി വൃത്തം. പുതുമുഖ സംവിധായകന്‍ എന്നതിനൊപ്പുറം വലിയ താര പരിവേഷമില്ലാത്ത സിനിമയായിരുന്നു കിസ്മത്ത്. നായികക്ക് വേണ്ടി ഒരുപാട് അലയേണ്ടി വന്ന സംവിധായകന്‍ ഒടുവില്‍ ശ്രുതി മേനോനെ സമീപിക്കുകയായിരുന്നു. കഥ പൂര്‍ണമായും മനസിലാക്കിയ ശ്രുതി സിനിമ ചെയ്യാം എന്ന് സംവിധായകന്‍ വാക്ക് നല്‍കുകയായിരുന്നു. കിസ്മത്ത് എന്റെ കരിയറിലെ വലിയ സിനിമയാണെന്നും ഞാന്‍ അത് ചെയ്തില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെയെന്ന് ശ്രുതി പറയുന്നു.
ഷൈന്‍ നിഗം നായകനാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് കഥാപാത്രത്തിനൊത്ത ആളെ സംവിധായകന്‍ തിരഞ്ഞെടുത്തു എന്നതാണ്. അതോടെ സിനിമയോടും സംവിധായകനോടുമുള്ള വിശ്വാസം വര്‍ധിച്ചു. സിനിമ ചെയ്യാം എന്ന് ഞാന്‍ വാക്ക് നല്‍കിയപ്പോള്‍ തന്നെ സംവിധായകന്‍ എന്നോട് കഥാപാത്രത്തിന്റെ ജാതിയെകുറിച്ചതും അതിനാല്‍ ഒരുപാട് നായികമാര്‍ പിന്‍വാങ്ങിയ കാര്യവും സൂചിപ്പിച്ചിരുന്നു. ഞാന്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. പിന്നീട് ഞാനാണ് കിസ്മത്തിലെ നായിക എന്നറിഞ്ഞപ്പോള്‍ തൊട്ട് ഒരുപാട് പേര് സിനിമയില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു. കഥാപാത്രത്തിലെ ജാതിയായിരുന്നു അതിലെ പ്രധാന കാരണം. അതോടെ ഞാന്‍ പിന്‍വാങ്ങിയാലോ എന്ന് ആലോചിച്ചെങ്കിലും മനസ് സമ്മതിച്ചില്ല. കൂടുതല്‍ കരുത്തോടെ സിനിമയുമായി മുന്നോട്ട് പോയി. പിന്‍വാങ്ങാന്‍ ആവശ്യപെടുന്നവര്‍ക്ക് സിനിമയിലൂടെ മറുപടിയും നല്‍കി. ആ കാര്യങ്ങള്‍ ഇന്ന് ഓര്‍ക്കുമ്പോള്‍ മലയാള സിനിമയില്‍ ജാതീയത പ്രധാന വിഷയമാണോ..? എന്ന് തോന്നിപോകുന്നു എന്നു ശ്രുതി പറഞ്ഞു. 2016 ല്‍ തിയറ്ററുകളിലെത്തിയ സിനിമക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മിമിക്രി താരമായ അബിയുടെ മകന്‍ ഷൈന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമാ ലോകത്ത് സ്ഥാനം ഉറപ്പിച്ചതും ഇതേ സിനിമയിലാണ്.
ദളിത് പെണ്‍കുട്ടിയായ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ പല നായികമാരും വിസമ്മതിച്ചു; ആ കഥാപാത്രം ഞാന്‍ ഏറ്റടുത്തപ്പോള്‍ നിരുത്സാഹപ്പെടുത്തി; മലയാള സിനിമയില്‍ നേരിട്ട ജാതീയത നടി തുറന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല