കൊച്ചി: തിങ്കളാഴ്ച നടക്കുന്ന ദലിത് ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടി വരുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ്റെ ഭീഷണി. ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ബസ് കത്തിക്കുന്ന ഇത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സുപ്രീകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25നു രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.
തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണു ഒരു ഹര്‍ത്താല്‍ നടന്നത്. തുടര്‍ച്ചയായ ഹര്‍ത്താല്‍ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും അറിയിച്ചുകഴിഞ്ഞു. ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദലിത് ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് എം ഗീതാനന്ദൻ്റെ ഭീഷണി