
സീനിയർ വിദ്യാർത്ഥിയായ ദലിത് യുവാവിനെ പ്രണയിച്ചതിനു മകളെ മാതാപിതാക്കൾ കഴുത്ത് ഞെരിച്ച് കൊന്ന് ഗംഗയിലെറിഞ്ഞു. രാജ്യത്തെ നടുക്കുന്ന ദുരഭിമാനക്കൊല നടന്നത് ബംഗാളിലാണ്. പശ്ചിമബംഗാളിലെ മാൽഡ ജില്ലയിലെ മഹേന്ദ്രടോള ഗ്രാമത്തിലാണ് സംഭവം. 16 വയസുള്ള പ്രതിമ മോണ്ഡലനെയാണ് മാതാപിതാക്കൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഗംഗയിൽ ഉപേക്ഷിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണു സംഭവം നടന്നത്. 9 ആം ക്ലാസ് വിദ്യാർത്ഥിനിയായ പ്രതിമ സ്കൂളിൽ നിന്നും മടങ്ങിവന്നപ്പോൾ വീട്ടിലുണ്ടായ മാതാപിതാക്കൾ ദലിത് യുവാവുമായ ബന്ധത്തെ ചോദ്യം ചെയ്യുകയായിരുന്നു. യുവാവിനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിമയെ കഴുത്ത് ഞെരിച്ചു കൊന്നു ഗംഗയിലെറിയുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ദീരൻ മോണ്ഡൽ ഭാര്യ സുമതി എന്നിവർ അറസ്റ്റിലായി. പശ്ചിം നാരയൺപൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ പ്രതിമ മോണ്ഡൽ ഗ്രാമത്തിലെ താഴ്ന്ന ജാതിയിൽപ്പെട്ട 17കാരനുമായി പ്രണയത്തിലായിരുന്നു.
പെൺകുട്ടിയുടെ സ്കൂൾ ബാഗ് ഗംഗയിലുപേക്ഷിച്ചിരുന്നു. ബോട്ട് വാടകക്കെടുത്താണു മൃതദേഹം ഗംഗയുടെ ആഴമുള്ള ഭാഗത്തേക്ക് കൊണ്ടുപോയി കല്ലുകെട്ടി താഴ്ത്തിയത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷൻ 302, 201, 120(B) വകുപ്പുകൾ പ്രകാരമാണ് പ്രതിമയുടെ രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്.
