ദലിത് ഐക്യവേദി ഹര്‍ത്താലിന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സഹകരിക്കില്ല; സര്‍വീസ് നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing ദലിത് ഐക്യവേദി ഹര്‍ത്താലിന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സഹകരിക്കില്ല; സര്‍വീസ് നടത്തും

തിരുവനന്തപുരം: ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അന്നേദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല. കഴിഞ്ഞ രണ്ടാം തിയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എംബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും അറിയിച്ചു.
അടിക്കടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലും പണി മുടക്കും കാരണം സ്വകാര്യ ബസ് മേഖല തകര്‍ച്ചയിലാണെന്ന് കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. ഡീസല്‍ വില വര്‍ദ്ധനവ് മൂലം വ്യവസായം മുമ്പോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് ആഴ്ചതോറുമുള്ള ഹര്‍ത്താലും പണിമുടക്കും. വിഷു ആഘോഷങ്ങളുടെ തയ്യാറെടുപ്പിനിടയില്‍ ഈ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും. ആയതിനാല്‍ 9-ാം തീയ്യതിലെ ഹര്‍ത്താലില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് അറിയിച്ചു.
ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും അന്ന് സാധാരണരീതിയില്‍ സര്‍വീസ്  നടത്തുമെന്നും എറണാകുളം ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗവും തീരുമാനിച്ചിട്ടുണ്ട്. ദലിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

0Shares