
ബാലഭാസ്കറുടെയും മകളുടേയും മരണത്തിനു കാരണമായ അപകടം അമിതവേഗം മൂലമെന്ന് നിഗമനം. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ കാര്‍ അമിത വേഗത്തിലായിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പും കാര്‍ കമ്പനിയും പരിശോധനയില്‍ കണ്ടെത്തി. കാര്‍ മരത്തിലിടിച്ചത് മണിക്കൂറില്‍ 100 കി.മീ. വേഗത്തിലായിരുന്നു. അപകടത്തിനു തൊട്ടുമുമ്പ് വാഹനം ഓടിയത് മണിക്കൂറില്‍ 100-120 കി.മീ. വേഗത്തിലും. അമിത വേഗം അപകട കാരണമായെന്നാണ് ശാസ്ത്രീയ നിഗമനം.

അപകടത്തില്‍ നിലച്ച കാറിന്റെ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തിയത് 100 കിലോമീറ്റര്‍ വേഗമായിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പും കാര്‍ കമ്പനിയും സാങ്കേതികറിപ്പോര്‍ട്ട് നല്കി. എന്നാല്‍ അന്തിമറിപ്പോര്‍ട്ട് ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
സെപ്റ്റംബര്‍ 25നു തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്കറും മകളും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തില്‍ ബാലഭാസ്കറിന്റെ യാത്രയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം.
