
ദക്ഷിണ കന്നഡ ജില്ലയിലാകെ ദുരിതം വിതച്ച് നാലാം ദിവസവും മഴ തുടരുകയാണ്. പ്രദേശത്ത് പ്രളയ ഭീതി ഉയർത്തി നദികളും, പുഴകളും കര കവിഞ്ഞ് ഒഴുകുന്നു. നേത്രാവതി നദി കര കവിഞ്ഞൊഴുകിയതിനാൽ തീര പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും ചെയ്തു. നേത്രാവതിയുടെ തീര പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാൻ നിര്‍ദ്ദേശം നൽകി.

ദക്ഷിണ കന്നഡ ബൽത്തങ്ങാടി താലൂക്കിൽ നേത്രാവതി, ഫൽഗുണി, മൃത്യുഞ്ചയ, സോമാവതി, നെരിയപ്പുഴ തുടങ്ങി നദികളും, പുഴകളും കര കവിഞ്ഞൊഴുകിയതിനാൽ വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടെ നിരവധി പേരെ മാറ്റി പാർപ്പിച്ചു ഹെക്‌ടർ കണക്കിനു കൃഷിയിടം വെള്ളത്തിനടിയിലായി.
സുള്ള്യ, സുബ്രഹ്മണ്യം, പുത്തൂർ, കടബ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴയിൽ മണ്ണിടിഞ്ഞും, മരം കടപുഴകി വീണും ഗതാഗത തടസ്സം ഉണ്ടായി. വീടുകൾക്കും മറ്റും കേടുപാട് സംഭവിച്ചു. നദികൾ കര കവിഞ്ഞൊഴുകിയതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
