ദക്ഷിണേഷ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദ്വിദിന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing ദക്ഷിണേഷ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദ്വിദിന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായി

കൊച്ചി: അന്തര്‍ദേശീയ തലത്തില്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സി. പി. എം സംഘടിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ ഇടത് പാര്‍ട്ടികളുടെ ദ്വിദിന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായി. രാവിലെ 10ന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സി. പി. ഐ. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു . മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.ശ്രീലങ്ക, ബംഗ്‌ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ ഇടത് പാര്‍ട്ടി പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന സാമ്രാജ്യത്വ ഭീഷണി, ദേശീയ പരമാധികാരം നേരിടുന്ന വെല്ലുവിളി, വര്‍ഗീയത, തുടങ്ങിയവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഓരോ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ പ്രത്യേകസെഷനുകള്‍ ചര്‍ച്ച ചെയ്യും.ഇന്ന് ബംഗ്‌ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുക. ഞായറാഴ്ച രാവിലെ രണ്ട് സെഷനുകളിലായി നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. നേപ്പാള്‍ സെഷനില്‍ പി. കെ ശ്രീമതിയും ഇന്ത്യന്‍ സെഷനില്‍ എം. എ ബേബിയും അധ്യക്ഷത വഹിക്കും.

 

വിദേശരാജ്യങ്ങളില്‍നിന്ന് 13 ഉം സി. പി. ഐ. എമ്മിന്റെ ഏഴ് പൊളിറ്റ്ബ്യൂറോ അംഗങ്ങളും അഞ്ച് കേന്ദ്രക്കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ സംബന്ധിക്കും. സി. പി. ഐ ജനറല്‍ സെക്രട്ടറിയും ദേശീയ സെക്രട്ടറിയും അടക്കം മൂന്നുപേരും സമ്മേളന പ്രതിനിധികളാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വിസ നിഷേധിച്ചതിനാല്‍ പാകിസ്താനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അവാമി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.

0Shares