
ദക്ഷിണേന്ത്യന്‍ സിനിമകള്‍ സ്ത്രീകളെ ലൈംഗിക വസ്തുക്കളാക്കിയാണ് ചിത്രീകരിക്കുന്നതെന്നും ബോളിവുഡില്‍ അത് ഇത്ര തീവ്രതയില്‍ ഇല്ലെന്നും നടി ഇല്യാന ഡിക്രൂസ്. വയറ് മാത്രം ചിത്രീകരിക്കുന്ന സീനുകള്‍ ധാരാളം തെലുങ്ക് സിനിമകളില്‍ ഉണ്ടായിരുന്നു. ഞാന്‍ അതില്‍ അത്ര കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. പെട്ടെന്ന് ചെയ്ത് തീര്‍ക്കുക എന്നത് മാത്രമായിരുന്നു എനിക്ക്. ബോളിവുഡില്‍ എത്തിയപ്പോള്‍ അതിന് മാറ്റമുണ്ട്. എന്റെ അരക്കെട്ടിനെ ചുറ്റിപറ്റിയുള്ള ഷോട്ടുകള്‍ ഇല്ലാതായി ഇല്യാന പറയുന്നു. തെലുങ്ക് സിനിമയില്‍ തുടങ്ങി തമിഴിലൂടെ തിളങ്ങി ബോളിവുഡില്‍ എത്തി നില്‍ക്കുന്ന താരമാണ് ഇല്യാന.

ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ് സ്ലോ മോഷനില്‍ വീഴുന്നതായിരുന്നു. ഈ സീന്‍ എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അത് കാണാന്‍ നല്ല ഭംഗി ആയിരിക്കുമെന്നാണ് സംവിധായകന്‍ ഉത്തരം നല്‍കിയത്. ഏതാണ്ട് ഏഴു സിനിമകള്‍ പൂര്‍ത്തിയായപ്പോഴാണ് ഇത് അവസാനിപ്പിക്കാന്‍ സമയമായി എന്ന തോന്നലുണ്ടായത്. അതിന് ശേഷമാണ് ബോളിവുഡിലേക്ക് എത്തുന്നതെന്നും ഇലിയാന പറഞ്ഞു.
താന്‍ 18ാം വയസ്സില്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്. അന്ന് ദക്ഷിണേന്ത്യന്‍ സിനിമകളില്‍നിന്ന് വലിയ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പമുള്ള ഓഫറുകളാണ് വന്നത്. അന്ന് പണത്തിന് പ്രാധാന്യം കൊടുത്തത് കൊണ്ട് മറ്റൊന്നും ചിന്തിച്ചില്ല. ഇപ്പോൾ, ബോളി വുഡിൽ ഇവിടെ എന്താണ് ചെയ്യേണ്ടത് എന്നതും എന്താണ് ചെയ്യെണ്ടാത്തത് എന്നും സംബന്ധിച്ച വ്യക്തത എനിക്കുണ്ട്. അത് വലിയ വ്യത്യാസമാണുണ്ടാക്കിയത്. അതുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ സിനിമകളില്‍നിന്ന് വളരെ വ്യത്യസ്തമായൊരു കരിയര്‍ ഗ്രാഫ് എനിക്ക് ബോളിവുഡില്‍ ഉണ്ടായത് ഇല്യാന പറഞ്ഞു.
