
തളിപ്പറമ്പ്: ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. അഞ്ചാംപീടികയിലുള്ള റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ലീഗ് ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ഓഫീസിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമ്പേരിയിലെ ലീഗ് പ്രവര്ത്തകന് കെ.അഷറഫിന്റെ നൂറാ ചിക്കന്‍ സ്റ്റാളിന്റെ മേല്പുര തകര്‍ന്നു വീണു. കടയുടെ ഷട്ടറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

രാവിലെ അഷറഫ് കടതുറക്കാനെത്തിയപ്പോഴാണ് ബോംബേറ് നടന്ന വിവരം അറിയുന്നത്. സ്ഥലത്ത് വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ബക്കളത്ത് ഒന്നരമാസം മുമ്പാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
തളിപ്പറമ്പ് സി.ഐ എ.അനില്‍കുമാര്‍, സ്പെഷല്‍ബ്രാഞ്ച് എ.എസ്.ഐ കെ.മൊയ്തീന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധർ ഉള്‍പ്പെട്ട സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
