ത്രിപുര മുഖ്യമന്ത്രിക്ക് ആകാശവാണിയുടെ വിലക്ക്, സി.പി.എം കേന്ദ്രനേതൃത്വം പ്രതിഷേധം അറിയിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ത്രിപുര മുഖ്യമന്ത്രിക്ക് ആകാശവാണിയുടെ വിലക്ക്, സി.പി.എം കേന്ദ്രനേതൃത്വം പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിന സന്ദേശം സംപ്രേഷണം ചെയ്യുന്നതിന് ആകാശവാണിയുടെ വിലക്ക്. സംഭവത്തിനെതിരേ സി.പി.എം കേന്ദ്രനേതൃത്വം കടുത്ത പ്രതിഷേധമറിയിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഭാഷണത്തിനാണ് ആകാശവാണിയുടെ വിസമ്മതം. വിലക്ക് ജനാധിപത്യ വിരുദ്ധവും ഏകാധിപത്യവുമാണെന്ന് മണിക് സര്‍ക്കാര്‍ പ്രതികരിച്ചു. സംഭവം ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പ്രസാര്‍ ഭാരതിയെയും മോദി കൈപ്പിടിയിലാക്കാനുള്ള ശ്രമമാണിതെന്നും സി.പി.എം കുറ്റപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ സംപ്രേക്ഷണം ചെയ്യേണ്ടിയിരുന്ന പ്രസംഗം തിരുത്തിയാലേ സംപ്രേഷണം ചെയ്യൂവെന്നാണ് പ്രസാര്‍ ഭാരതി അറിയിച്ചത്. ഓഗസ്റ്റ് 15ന് രാവിലെ സംപ്രേഷണം ചെയ്യാനുള്ള പ്രസംഗം നേരത്തെ തന്നെ ആകാശവാണി റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ 14 ന് ഇതു സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

പ്രസംഗം ഇതേനിലയില്‍ പ്രക്ഷേപണം ചെയ്യാന്‍ കഴിയില്ലെന്നും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കൊടുക്കാമെന്നുമാണ് പ്രസാര്‍ഭാരതി മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. എന്നാല്‍ പ്രസംഗത്തിലെ ഒരു വാക്കുപോലും മാറ്റില്ലെന്ന് മണിക് സര്‍ക്കാറും വാശിപിടിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സവിശേഷതയുള്ള രാജ്യമാണ് ഇന്ത്യ. മതനിരപേക്ഷതയാണ് രാജ്യത്ത് ഐക്യം നിലനിര്‍ത്തുന്നത്. എന്നാല്‍, ഇവയെല്ലാം കടുത്ത ഭീഷണി നേരിടുകയാണെന്നും, വര്‍ഗീയതയുടെ പേരിലുള്ള വിഭാഗീയതയാണ് രാജ്യത്ത് ശക്തിപെടുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം. എന്നാല്‍, ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണത്തോട് പ്രസാര്‍ ഭാരതി പ്രതികരിച്ചത്.

 

0Shares