
തിരുവനന്തപുരം: തോമസ് ചാണ്ടിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു.

കായല്‍ കയ്യേറ്റ വിവാദത്തില്‍ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിക്കിടെയാണ് തോമസ് ചാണ്ടിക്കും സര്‍ക്കാരിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നിലവിലുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനെതിരെയാണ് തോമസ് ചാണ്ടി കോടതിയെ സമീപിച്ചതെന്നും ഒരു മന്ത്രിയെന്ന നിലയില്‍ കൂട്ടുത്തരവാദിത്തം നിലനിര്‍ത്തുന്നതിന് പകരം മന്ത്രിസഭയിലെ മറ്റൊരംഗത്തിനെതിരെ കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്നും ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി രാജിവച്ചൊഴിഞ്ഞ സാഹചര്യത്തില്‍ ജഡ്ജിനെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
