
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത ഭൂമി കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടർ അനുപമയെ സെക്രട്ടറിയേറ്റിലേക്ക് ഇന്നലെ വിളിപ്പിച്ചു. റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കളക്ടറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. കളക്ടർ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും ചെയ്തു. സർക്കാർ ഇത്തരത്തിൽ ഒരു നടപടി എടുക്കുന്നത് അസാധാരണമാണ്.

മന്ത്രിക്കെതിരെ ആലപ്പുഴയിലെ ലേക്ക് റിസോര്‍ട്ട് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പരമ്പരയായി വാര്‍ത്തകള്‍ ചെയ്തതാണ് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ചാനല്‍ ഓഫീസിന് നേരെ ആക്രമണം നടക്കാന്‍ കാരണമായത് എന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഡി. ജി. പിയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇതില്‍ അന്വേഷണം നടക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഡി. ജി. പിയ്ക്ക് നിര്‍ദ്ദേശം നല്കിയതും മുഖ്യമന്ത്രി നേരിട്ടായിരുന്നു.
അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയും തോമസ് ചാണ്ടിയെ കൈവിടും എന്ന് തന്നെയാണ് കൈക്കൊണ്ട നടപടികളിലൂടെ സൂചന നൽകുന്നത്. ആരോപണ വിധേയനായ ഒരാള്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ ഇടത് മുന്നണിയിലെ പ്രമുഖ കക്ഷികളായ സി. പി. എം, സി. പി. ഐ അണികള്‍ക്ക് ഇടയിലും അഭിപ്രായ ഭിന്നതയുണ്ട്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലേക് പാലസ് ഫയലുകൾ കാണാതായ സംഭവത്തിൽ ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം സസ്‌പെൻഷൻ നൽകി. സൂപ്രണ്ട് അടക്കമുള്ള നാല് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. ലേക് പാലസ് ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് ഇവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

അതേസമയം ലേക് പാലസിലെ അഞ്ച് കെട്ടിടങ്ങൾ അനധികൃതമെന്ന് നഗരസഭ അറിയിച്ചു. എഞ്ചിനിയറിങ്ങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ , ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിലാണ് മന്ത്രി തോമസ് ചാണ്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ താന്‍ രാജി വെക്കുമെന് പറഞ്ഞിരുന്ന അദ്ദേഹം, ഇന്ന് താന്‍ എന്തുവന്നാലും രാജിവെക്കില്ല എന്നും, ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണ് എന്നുമാണ് അറിയിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അനധികൃതമായി ഭൂമി കയ്യേറിയിട്ടില്ല എന്നും തോമസ് ചാണ്ടി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
