തോമസ് ചാണ്ടിയുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞു…!

  • Post category:news
  • Reading time:1 min read
You are currently viewing തോമസ് ചാണ്ടിയുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞു…!

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ പിന്‍ഗാമിയായി പിണറായി മന്ത്രിസഭയില്‍ അംഗമായ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരവേള!. നിയമസഭയില്‍ എന്‍.സി.പി ക്ക് അംഗങ്ങളായുള്ളത് ഇവര്‍ രണ്ടുപേര്‍ മാത്രമാണ്. ആദ്യത്തെ രണ്ടര വര്‍ഷം എ.കെ. ശശീന്ദ്രനും പിന്നത്തെ രണ്ടര വര്‍ഷം തോമസ് ചാണ്ടിയും മന്ത്രിമാരാവണം എന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ ആദ്യ പകുതി തികയ്ക്കുന്നതിന് മുന്‍പ് തന്നെ ശശീന്ദ്രന് മന്ത്രി പദം ത്യജിക്കാനും പകരം തോമസ് ചാണ്ടി മന്ത്രി പദത്തിലെത്താനുമാണ് വിധി നിയോഗമുണ്ടായത്. പിണറായി മന്ത്രി സഭയില്‍ എ.കെ. ശശീന്ദ്രന് പത്ത് മാസം മന്ത്രിയായി തുടരാനേ യോഗമുണ്ടായുള്ളു. ആദ്യ ഘട്ടത്തില്‍ തന്നെ മന്ത്രിയാവണമെന്ന് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ എ.കെ. ശശീന്ദ്രന്‍ ആദ്യം മന്ത്രിയാവട്ടെ എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തില്‍ മനഃപ്രയാസം ഉണ്ടായിരുന്ന തോമസ് ചാണ്ടി തുടര്‍ന്ന് തന്റെ വ്യവസായ സംരംഭം പുഷ്ടിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസ്സിലൂടെയും പടിപടിയായി കടന്നുവന്ന അദ്ദേഹം തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലും എത്തി. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനുമായി അടുത്ത ബന്ധമാണ് തോമസ് ചാണ്ടിക്ക് ഉണ്ടായിരുന്നത്. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ്സ് (ഡി.ഐ.സി) രൂപീകരിച്ചപ്പോള്‍ തോമസ് ചാണ്ടി അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. പിന്നീട് ഡി.ഐ.സി, എന്‍.സി.പി യില്‍ ലയിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ തലപ്പത്തെത്തി. ലീഡര്‍ കെ. കരുണാകരന്‍ എന്‍.സി.പിയോട് വിട പറഞ്ഞ് വീണ്ടും കോണ്‍ഗ്രസ്സില്‍ എത്തിയപ്പോള്‍ തോമസ് ചാണ്ടിയാവട്ടെ എന്‍.സി.പിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. 2006 ല്‍ കുട്ടനാടില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച അദ്ദേഹം 2011ലും 2016ലും എന്‍.സി.പി സ്ഥാനാര്‍ത്ഥിയായാണ് വിജയിച്ചത്. കോടീശ്വരനായ തോമസ് ചാണ്ടിക്ക് കുവൈറ്റില്‍ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. മേഴ്‌സി ചാണ്ടിയാണ് ഭാര്യ. മക്കള്‍: ഡോ. ബെറ്റി ലെനി, (അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍), ഡോ. ഡോബി ചാണ്ടി (ലേയ്ക്‌ഷോര്‍ ആശുപത്രി,കൊച്ചി ), ടെസി ചാണ്ടി (കുവൈറ്റ്).

0Shares