തൊവരിമലയിലെ ഭൂമി കയ്യേറ്റം; പോലീസ് തല്ലിയോടിയവര്‍ വീണ്ടും സംഘടിച്ചു; കല്‍പറ്റ കളക്ടേറ്റിന് മുന്നിലേക്ക് ലോങ് മാര്‍ച്ചുമായി ആദിവാസികള്‍

  • Post category:news
  • Reading time:1 min read
You are currently viewing തൊവരിമലയിലെ ഭൂമി കയ്യേറ്റം; പോലീസ് തല്ലിയോടിയവര്‍ വീണ്ടും സംഘടിച്ചു; കല്‍പറ്റ കളക്ടേറ്റിന് മുന്നിലേക്ക്  ലോങ് മാര്‍ച്ചുമായി  ആദിവാസികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ തൊവരിമലയില്‍ പോലീസ് തല്ലിയോടിച്ച ഭൂരഹിതര്‍ വീണ്ടും സംഘടിച്ചു. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച ഭൂരഹിതര്‍ കല്‍പ്പറ്റ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം നടത്താനാണ് ഇവരുടെ തീരുമാനം. ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നിന്നായി എത്തിയ ഭൂരഹിതരാണ് വയനാട് തൊവരിമല വനഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്.

നിലവിൽ വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണ് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

കഴിഞ്ഞ 21-ാം തിയതിയായിരുന്നു ആദിവാസികൾ സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പോലീസ് സമരം ചെയ്യുന്ന ഭൂരഹിതരെ വനം വകുപ്പിനൊപ്പം ചേര്‍ന്ന് ഒഴിപ്പിച്ചത്. നേരത്തെ സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റു ചെയ്തിരുന്നു.

ഇന്ന് രാവിലെ പോലീസ് മാധ്യമങ്ങളെ പോലും പ്രവേശിപ്പിക്കാതെയാണ് ആദിവാസികള്‍ക്ക് നേരെ ബലം പ്രയോഗിച്ചത്. പോലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെട്ട ചില ആദിവാസികളെ കണ്ടുമുട്ടിയത് കൊണ്ട് മാത്രമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

0Shares