
തൊഴിലവകാശത്തിനായി കൊല്‍ക്കത്തയില്‍ തെരുവിലിറങ്ങിയ യുവാക്കള്‍ക്ക് നേരെ പോലീസ് അത്രിക്രമം. മാര്‍ച്ചില്‍ അണിനിരന്നവരെ പോലീസ് തല്ലിച്ചതച്ചു. ഇടതുപക്ഷ യുവജന-വിദ്യാർത്ഥി നേതാക്കളടക്കം നൂറ്റമ്പതിലേറെ പേർക്ക് ഗുരുതരപരിക്കേറ്റു. നൂറിലേറെപേരെ കാണാനില്ല. എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ അടക്കം 12 ഇടതുപക്ഷ യുവജന-വിദ്യാർത്ഥിസംഘടനകളിലെ കാൽലക്ഷത്തിലേറെപേരാണ് ദ്വിദിന മാർച്ചിൽ അണിനിരന്നത്.
വെള്ളിയാഴ്ച പകൽ ഹൗറയിലെത്തിയതോടെ നഗരത്തിൽ വിവിധകേന്ദ്രങ്ങളിൽ ബാരിക്കേഡുകളുയർത്തി പോലീസ് പ്രക്ഷോഭകരെ നേരിട്ടു. വൻതോതിൽ ലാത്തിച്ചാർജുണ്ടായി. നൂറിലേറെ പ്രവർത്തകരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവർ പോലീസ് പിടിയിലെന്ന് സംശയിക്കുന്നു. എന്നാൽ, ഔദ്യോഗിക കണക്കുപ്രകാരം പോലീസ് കസ്റ്റഡിയിലുള്ളത് 15 പേർമാത്രം.

ഹൗറ ടൗൺ ആശുപത്രി പരിക്കേറ്റ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. ഗുരുതരപരിക്കേറ്റവരേയും വെറുംനിലത്ത് കിടത്തിയിരിക്കുകയാണ്. ബംഗാളിലെ വ്യവസായത്തിന്‍റെ ശവപറമ്പായ സിങ്കൂരിൽനിന്ന് ഹൗറയിലെ നബാനയിലെ സെക്രട്ടറിയറ്റിനു മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ച് പശ്ചിമബംഗാളിൽ യുവജനമുന്നേറ്റത്തിന്റെ പുതുചരിത്രമെഴുതി. ഗ്രാമ നഗരമേഖലകളിൽനിന്ന് അഭ്യസ്ഥവിദ്യരായ തൊഴിൽരഹിതരുടെ വൻസംഘമാണ് വ്യാഴാഴ്ച വൈകിട്ട് സിങ്കൂരിൽ ഒത്തുചേർന്നത്.
35 കിലോമീറ്റർ പിന്നിട്ട് വെള്ളിയാഴ്ച പകൽ ഹൗറയിലെത്തിയപ്പോൾ മാർച്ച് യുവസാഗരമായി. പൂട്ടിയ വ്യവസായ സ്ഥാപനങ്ങൾ തുറന്ന് തൊഴിൽ ലഭ്യമാക്കുക, അസഹ്യമായി ഉയരുന്ന വിദ്യാഭ്യാസ ചെലവ് വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രക്ഷോഭകർ ഉയർത്തി. പൊതുജനങ്ങളിൽനിന്ന് വൻ സ്വീകാര്യതയാണ് മാർച്ചിന് ലഭിച്ചത്.
ഇതിനിടെ കുപ്പായത്തിൽ ചുവന്നദ്രാവകം ഒഴിച്ച് പ്രവർത്തകർ പോലീസുകാരെ മര്‍ദ്ദിച്ചെന്ന് വരുത്താനുള്ള ഗൂഢശ്രമം തൃണമൂൽ നടത്തി. ഇവരെ തെളിവ് സഹിതം പിടികൂടാന്‍ പ്രവര്‍ത്തകര്‍ക്കായി. മനുഷ്യത്വഹീനമായ പോലീസ് നടപടിയെ പശ്ചിമബംഗാൾ സി.പി.എം സെക്രട്ടറിയറ്റ് ശക്തമായി അപലപിച്ചു. ശനിയാഴ്ച യുവജനസംഘടനകള്‍ പ്രതിഷേധദിനം ആചരിക്കും.
