തേനിയിൽ കുരങ്ങിണി – കൊളുക്ക് മലയില്‍ വന്‍ കാട്ടുതീ; എട്ട് പേ‍ർ മരിച്ചു; ട്രക്കിങിന് പോയ 36അംഗ സംഘം വനത്തിനുള്ളിൽ കുടുങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing തേനിയിൽ കുരങ്ങിണി – കൊളുക്ക് മലയില്‍ വന്‍ കാട്ടുതീ; എട്ട് പേ‍ർ മരിച്ചു; ട്രക്കിങിന് പോയ 36അംഗ സംഘം വനത്തിനുള്ളിൽ കുടുങ്ങി

തേനി: തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലെ കാട്ടുതീയിൽ എട്ടുപേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇവിടേക്ക് ട്രക്കിങിന് പോയ 36അംഗ സംഘം വനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. 25 പേരെ രക്ഷിച്ചു. തീ നിലവിൽ നിയന്ത്രണവിധേയമാണ്. രക്ഷാപ്രവ‍ർത്തനത്തിനായി കമാൻഡോകളും രംഗത്തെത്തിയിട്ടുണ്ട്. അഗ്നിരക്ഷാസേന, വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനായി തേനിയില്‍ എത്തിയിട്ടുണ്ട്.

8 പേർ സംഭവസ്ഥലത്ത് വെന്ത് മരിച്ചതായി രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ നാട്ടുകാർ പറഞ്ഞു. എന്നാൽ എക്കാര്യം തേനി ഡി.വൈ.എസ്പി അടക്കമുള്ളവർ ഇതുവരെയും സ്ഥരീകരിച്ചിട്ടില്ല. മലമുകളിൽ കുടുങ്ങിയ 18 പേരുടെ നില ഗുരുതരമെന്ന് സൂചന. കാട്ടിൽ അകപ്പെട്ട 36 അംഗ സംഘത്തിൽ 25 സ്ത്രീകളും 8 പുരുഷന്മാരും 3 കുട്ടികളുമാണ് ഉള്ളത്. ഇതുവരെ 15 പേരെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാനായത്.

ശനിയാഴ്ച എത്തിയ സംഘം രണ്ട് വാഹങ്ങളില്‍ ഞായറാഴ്ചയാണ് ട്രക്കിംഗ് ആരംഭിച്ചത്. ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽനിന്നെത്തിയവരും ഈ റോഡ്‌ ഭാഗങ്ങളില്‍ നിന്നെത്തിയ ഐ.ടി പ്രൊഫഷണലുകളും ഉള്‍പ്പെട്ട സംഘമാണ് വനത്തിനുള്ളില്‍ കുടുങ്ങിപ്പോയത്. സംഘത്തിലെ ഒരാൾ വീട്ടിൽ വിളിച്ച് അപകടവിവരം അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പ്രദേശവാസികളും ആദിവാസികളുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

വിദ്യാര്‍ഥികളെയും ട്രക്കിങിനെത്തിയവരേയും രക്ഷപ്പെടുത്താന്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനി സാമി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനോട് അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യോമ സേനയുടെ സഹായം ലഭ്യമാക്കിയത്.

ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മീശപ്പുലിമലയിലെത്തിയത്. തീ പൂർണ്ണമായി അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവസ്ഥലത്ത് തേനി കലക്ടറടക്കമുള്ളവര്‍ ക്യാമ്പ് ചെയ്യുകയാണ്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടിനേക്കാൾ രക്ഷാപ്രവർത്തകരെ പ്രതികൂലമായി ബാധിക്കുന്നത് 52ഡിഗ്രിയിൽ അധികമുള്ള അന്തരീക്ഷ ഊഷ്മാവും അതിശക്തിയായി വീശിയടിക്കുന്ന കാറ്റുമാണ്. കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുകയാണ്. കുറേയൊക്കെ പ്രദേശങ്ങളിലെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കാത്തതിന് കാരണവും ഇത് തന്നെയാണ്.

0Shares