തെലങ്കാന സര്‍ക്കാര്‍ നടത്തിയ സൗജന്യ സാരിവിതരണം പലയിടത്തും അവസാനിച്ചത് സ്ത്രീകളുടെ കൂട്ടത്തല്ലില്‍

  • Post category:news
  • Reading time:1 min read
You are currently viewing തെലങ്കാന സര്‍ക്കാര്‍ നടത്തിയ സൗജന്യ സാരിവിതരണം പലയിടത്തും അവസാനിച്ചത് സ്ത്രീകളുടെ കൂട്ടത്തല്ലില്‍

ഹൈദരാബാദ്: തെലങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ബത്തുകമ്മയുടെ ഭാഗമായി ജനപ്രീതി പിടിച്ചു പറ്റാന്‍ തെലങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലില്‍ കലാശിച്ചു. ദസറയോടനുബന്ധിച്ച് നടക്കുന്ന ബത്തുകമ്മയില്‍ പൂവുകള്‍ കൊണ്ടലങ്കരിച്ച ചെറുസ്തൂപങ്ങള്‍ക്ക് ചുറ്റും പുതിയ സാരിയണിഞ്ഞ് സ്ത്രീകള്‍ നൃത്തം ചെയ്യുന്നതാണ് ആചാരം. ഇതാണ് സ്ത്രീകള്‍ക്ക് പുതിയ സാരി വിതരണം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത അഞ്ഞൂറോളം വ്യത്യസ്ത ഡിസൈനുകളിലുള്ള ഒരു കോടിയിലേറെ സാരികളാണ് തെലങ്കാന സര്‍ക്കാര്‍ വാങ്ങിയിരുന്നത്.

ജാതിമത ഭേദമന്യേ പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. തിങ്കളാഴ്ച സാരി വിതരണം നടന്ന സ്ഥലങ്ങളിലെല്ലാം നീണ്ട ക്യൂവായിരുന്നു ദൃശ്യമായത്. പലയിടത്തും ക്യൂവില്‍ നിന്ന സ്ത്രീകള്‍ തമ്മില്‍ അടിയുണ്ടായി. പരസ്പരം മുടിപിടിച്ചു വലിച്ചും ചവിട്ടിയും തല്ലുണ്ടാക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ഇഷ്ടഡിസൈന്‍ കിട്ടാത്തതിന്റെ പേരിലും സ്ത്രീകള്‍ പിടിവലി നടത്തി. കിട്ടിയ സാരിക്ക് നിലവാരമില്ലെന്ന ആരോപണവുമായും അനവധി സ്ത്രീകള്‍ രംഗത്തു വന്നു. 50 രൂപ പോലും വിലമതിക്കാത്ത സാരിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും സ്വന്തം പേര് നന്നാക്കാന്‍ ശ്രമിക്കാതെ മോശം സാരികള്‍ സമ്മാനിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തങ്ങളെ അപമാനിക്കുകയാണെന്ന് ഒരു സ്ത്രി പറയുന്നു.

0Shares