ബെയ്ജിങ്: തെരുവുവിളക്കുകള്‍ക്ക് പകരമായി ദിവസവും ആകാശത്തുനിന്ന് പ്രകാശം പരത്താന്‍ ഒരു ‘ചന്ദ്രനെ’ തന്നെ ആകാശത്തേക്ക് അയയ്ക്കാനൊരുങ്ങുന്ന തയ്യാറെടുപ്പുകളിലാണ് ചൈന. 2020-ഓടെ ‘കൃത്രിമ ചന്ദ്രനെ’ വിക്ഷേക്കുമെന്ന് ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെങ്ടു നഗരത്തില്‍ ഇല്ലൂമിനേഷന്‍ സാറ്റലൈറ്റ് വികസിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കുക എന്ന പ്രധാനലക്ഷ്യം കൂടിയാണിത്. ലോകത്തെതന്നെ ആദ്യത്തെ ‘മനുഷ്യനിര്‍മിത ചന്ദ്രന്‍’ സിച്വാനിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. ചന്ദ്രനോടൊപ്പംതന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും.
ചന്ദ്രനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടുമടങ്ങ് പ്രകാശം ഇതിനുണ്ടായിരിക്കുമെന്ന് ചൈനാ പറയുന്നു. ചെങ്ടുവില്‍ മാത്രം 17 കോടി ഡോളര്‍ വര്‍ഷത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 50 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് ഇത് വെളിച്ചം പരത്തും. സൂര്യനില്‍ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിച്ചാണ് ഈ ചന്ദ്രനും പ്രകാശം പരത്തുക. ദുരന്തബാധിതമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. ആദ്യ പരീക്ഷണം വിജയിച്ചാല്‍ 2022-ഓടെ മൂന്നു ചന്ദ്രന്‍മാരെക്കൂടി വിക്ഷേപിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന തിയാന്‍ ഫു ന്യൂ ഏരിയ സയന്‍സ് സൊസൈറ്റിയുടെ മേധാവി വു ചുന്‍ഫെങ് പറഞ്ഞു.
തെരുവ് വിളക്കുകള്‍ക്ക് പകരം 2020-ഓടെ ‘കൃത്രിമ ചന്ദ്രന്‍ ‘