മലപ്പുറം: അനധികൃതമായി പുള്ളിമാനെ വീട്ടില്‍ വളര്‍ത്തിയ യുവതി അറസ്റ്റില്‍. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടന്‍പറമ്പത്ത് മുംതാസിനെയാണ് (40) കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. റെഹീസ് അറസ്റ്റ്‌ചെയ്തത്. വിദേശത്തുള്ള ഇവരുടെ ഭര്‍ത്താവ് ഷംസുദ്ദീന്റെ പേരിലും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് അനമങ്ങാട്ടെ മുംതാസിന്‍റെ വീട്ടില്‍ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് പുള്ളിമാനിനെ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മുറിയില്‍ വനപാലകര്‍ പുള്ളിമാനെ കണ്ടെത്തി. പുള്ളിമാന് 12 വയസ്സിലധികം പ്രായമുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത വനപാലകര്‍ മുംതാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 12 വയസ്സിലധികമുള്ള മാനിനെ ഇവര്‍ കഴിഞ്ഞ 12 വര്‍ഷമായി വീട്ടിലും എസ്റ്റേറ്റുകളിലുമായി വളര്‍ത്തിവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെറു പ്രായത്തില്‍തന്നെ കാട്ടില്‍നിന്നു പിടികൂടി കൊണ്ടുവന്നതാണെന്നാണ് നിഗമനം.
തെരുവ് നായ്ക്കളില്‍ നിന്നും അക്രമമുണ്ടായപ്പോള്‍ മാന്‍കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചുവെന്നും ഇക്കാര്യം വനം വകുപ്പിനെ അറിയിക്കേണ്ട കാര്യം അറിയില്ലെന്നും ഭര്‍ത്താവ് ഷംസു പറയുന്നു. കൗതുകത്തോടെ ഭക്ഷണം നല്‍കി വളര്‍ത്തിയെന്നല്ലാതെ കൂട്ടിലടക്കുകയോ കെട്ടിയിടുകയോ ചെയ്തിട്ടില്ലെന്നും അയാള്‍ പറഞ്ഞു. മാനിനെ പിടികൂടാനെത്തിയപ്പോളാണ് സംഭവത്തിന്‍റെ ഗൗരവ മനസിലാകുന്നതെന്നും ഷംസു കൂട്ടിച്ചേര്‍ത്തു. മാനിനെ വണ്ടൂരിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം കോടനാടുള്ള റെസ്‌ക്യൂ ഹോമിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായ യുവതിയെ മഞ്ചേരി ഫോറസ്റ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. റെഹീസ്, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ജയപ്രകാശ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്‍. മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
തെരുവ് നായ്ക്കള്‍ ആക്രമിക്കുന്ന മാന്‍കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു; 12 വര്‍ഷത്തിന് ശേഷം വീട്ടമ്മയെ തേടിയെത്തിയത് എട്ടിന്‍റെ പണി