
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണി അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. എന്‍.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു. മറ്റു കക്ഷികള്‍ നേടുമെന്ന് പറയുന്നത് 133 സീറ്റാണ്. അതേസമയം ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അഭൂതപൂര്‍വമായ മുന്നേറ്റം പ്രവചിച്ചത് ചാണക്യ മാത്രമാണ്.
നേരത്തേ പുറത്തുവന്ന ഇന്ത്യാ ടുഡേ-ആക്‌സിസ് പോള്‍ സര്‍വേ ഫലത്തില്‍ ദക്ഷിണേന്ത്യ യു.പി.എയ്ക്ക് അനുകൂലമാകുമെന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ യു.ഡി.എഫ് 15-16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 3-5 സീറ്റുകളും ബി.ജെ.പി 0-1 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.

ദക്ഷിണേന്ത്യയില്‍ യു.പി.എ 55-63 സീറ്റുകളും എന്‍.ഡി.എ 23-33 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു. അതേസമയം മറ്റു കക്ഷികള്‍ 35-46 സീറ്റുകള്‍ നേടുമെന്നും സര്‍വേ അഭിപ്രായപ്പെട്ടു. കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകള്‍ നേടുമെന്ന് സര്‍വേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകള്‍ മാത്രമാണ്. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.
അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂലതരംഗം കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇത്തവണ മുതലാക്കാനായില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 21-25 സീറ്റുകള്‍ ബി.ജെ.പി സഖ്യം നേടുമ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിക്കുക 3-6 സീറ്റുകള്‍ മാത്രമാണ്. സംസ്ഥാനത്താകെയുള്ളത് 28 സീറ്റാണ്.
