ബംഗലൂരു: തെന്നിന്ത്യന്‍ നടി മേഘ്നയുടെ വിവാഹം ബാംഗ്ലൂരുവില്‍ നടന്നു. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയെ മിന്നുകെട്ടിയത്. കോറമംഗല സെയിന്റ് ആന്റണീസ് ഫ്രയറി പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തോടനുബന്ധിച്ച് ഹല്‍ദി ആഘോഷ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. അച്ഛന്‍ ഹിന്ദുവും അമ്മ കാത്തോലിക്കുമായതിനാല്‍ രണ്ട് മതാചാര പ്രകാരമാണ് വിവാഹം നടത്തുന്നത്. ഹിന്ദു ആചാര പ്രകാരമുളള വിവാഹം മെയ് രണ്ടിന് ബംഗലൂരു പാലസ് ഗ്രൗണ്ടില്‍ വെച്ചാണ് നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നത്. കന്നഡ നടന്‍ സുന്ദര്‍ രാജിന്റെയും പ്രമീളയുടെയും മകളാണ് മേഘ്നരാജ്. അല്ലാരി നരേഷ് നായകനായ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു മേഘ്ന സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നത്. തുടര്‍ന്ന് തമിഴ്, കന്നഡ, മലയാളം തുടങ്ങിയ എല്ലാ ഭാഷകളിലും മേഘ്ന ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യയുടെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രം മേഘ്നയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.
വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് മേഘ്ന രാജ്. ചിത്രത്തില്‍ ആതിര എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്ന മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. തുടര്‍ന്നും മലയാളത്തില്‍ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ആഗസ്റ്റ് 15 എന്ന സിനിമയായിരുന്നു മേഘ്നയുടെ രണ്ടാമത്തെ മലയാള ചിത്രം. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നടി എത്തിയിരുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം ക്രൈം ത്രില്ലര്‍ വിഭാത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് പുറത്തിറങ്ങിയിരുന്നത്. മെമ്മറീസ്, റെഡ് വൈന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും മേഘ്ന അഭിനയിച്ചിരുന്നു. ഹലേ ലൂയ എന്ന ചിത്രത്തിലാണ് മേഘ്ന ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.
തെന്നിന്ത്യന്‍ നടി മേഘ്നാ രാജ് വിവാഹിതയായി; മിന്നുകെട്ടിയത് കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ