ചെന്നൈ: ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും നായികയായി തിളങ്ങിയ മേഘ്ന വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹനിശ്ചയം ഈമാസം 22ന് സര്‍ജയുടെ വസതിയില്‍ നടക്കും. ഡിസംബര്‍ ആറിനാണ് വിവാഹം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും താരങ്ങള്‍ നിഷേധിച്ചിരുന്നു. ചിരഞ്ജീവി സര്‍ജയുടെ വസതിയില്‍ വച്ചായിരിക്കും വിവാഹം. അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ക്ഷണമുണ്ടാകുക. മാധ്യമങ്ങള്‍ വിവാഹക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ എല്ലാം പറയാമെന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മറുപടി.
വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടര്‍ന്നുണ്ടായ സൗഹൃദം പ്രണയത്തില്‍ എത്തുകയായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതയാകുന്നത്.
തെന്നിന്ത്യന്‍ നടി മേഘ്ന രാജ് വിവാഹിതയാകാന്‍ പോകുന്നു; കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍