തൃപ്തി ദേശായിയെ തടഞ്ഞ കേസിലും കെ സുരേന്ദ്രന്‍ പ്രതി; പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing തൃപ്തി ദേശായിയെ തടഞ്ഞ കേസിലും കെ സുരേന്ദ്രന്‍ പ്രതി; പോലീസ്   തന്നെ പീഡിപ്പിക്കുന്നുവെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്. ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനും അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനുമാണ് പുതിയ കേസ്. നിരോധിത മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നത്. ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് സുരേന്ദ്രനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ഗൂഢാലോചന കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല. അതേസമയം കസ്റ്റഡിയില്‍ തന്നെ പീഡിപ്പിക്കുന്നതായി കെ സുരേന്ദ്രന്‍ ആരോപിച്ചു. കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും വഴിയായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വിളിച്ച് പറഞ്ഞത്.പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുകയാണ്. പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. മനുഷ്യത്വ രഹിതമായാണ് പൊലീസിന്റെ പെരുമാറ്റം. പൊതുപ്രവര്‍ത്തകനോട് കാണിക്കേണ്ട യാതൊരു മാന്യതയും പൊലീസ് കാണിക്കുന്നില്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം വിവിധ കേസുകളില്‍ ആറോളം പ്രൊഡക്ഷന്‍ വാറണ്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാനാവില്ല. ചിത്തിര ആട്ട സമയത്ത് ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസില്‍ ഇന്ന് പത്തനംതിട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട് ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല.

0Shares