
ബംഗാളില്‍ ബി.ജെ.പി മികച്ച മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ തൃണമൂലില്‍ നിന്നും അടിയൊഴുക്കുകള്‍ തുടങ്ങിയെന്ന വിവരമാണ് പുറത്ത് വരുന്നത്. മമതയുടെ മുന്‍ വിശ്വസ്തനും ബി.ജെ.പിയുടെ അമരക്കാരനുമായ മുകുള്‍ റോയിയുടെ പുതിയ പ്രസ്താവന ബംഗാളിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 143 തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുന്നു എന്നാണ് ദേശീയ ചാനലിനോട് മുകുള്‍ റോയി പറഞ്ഞിരിക്കുന്നത്.

തൃണമൂലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയത ബിജ്പൂര്‍ എം.എല്‍.എ ശുഭ്രാംശു റോയ് ബി.ജെ.പിയില്‍ ചേരുന്നു എന്ന പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് പുതിയ വാര്‍ത്ത. പാര്‍ട്ടിവിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് ആറുവര്‍ഷത്തേക്കാണ് തൃണമൂല്‍ ശുഭ്രാംശുവിനെ തൃണമൂലില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ബിജ്പുരില്‍നിന്ന് രണ്ടുതവണ നിയമസഭാംഗമായിട്ടുണ്ട് ശുഭ്രാംശു.
അതേസമയം ബിജെപിയുടെ അപ്രതീക്ഷിതമായ മുന്നേറ്റത്തില്‍ ഞെട്ടിയ മമതാ ബാനര്‍ജി ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആകെയുള്ള 42 സീറ്റില്‍ ബി.ജെ.പി 18 സീറ്റ് നേടി. 22 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും രണ്ടു സീറ്റില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. 2014ല്‍ രണ്ടു സീറ്റായിരുന്നു ബി.ജെ.പിക്ക്. 17 ശതമാനം വോട്ടും. എന്നാല്‍ ഇത്തവ 18 സീറ്റായി വര്‍ദ്ധിച്ചു.
