
ലാഹോർ: ബ്രിട്ടീഷ് പൊലീസ് ഉദ്യേഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിയിക്കാൻ പാകിസ്ഥാനിലെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. പാകിസ്ഥാന്‍ അഭിഭാഷകനായ ഇംതിയാസ് റാഷിദ് ഖുറേഷിയാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അവിഭക്ത ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആളാണ് ഭഗത് സിംഗെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാഷ്ട്രം അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും ഖുറേഷി പറയുന്നു. ഭഗത് സിംഗിനെതിരായ എഫ്.ഐ.ആറിന്റെ പകര്‍പ്പും ഖുറേഷി ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഖുറേഷി കോടതിയെ സമര്‍പ്പിച്ചത്.

1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗിനെ ലാഹോറില്‍ വച്ച് തൂക്കിലേറ്റിയത്. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തി, ജോണ്‍ സൗണ്ടര്‍ എന്ന പൊലീസുകാരനെ വധിച്ചു എന്നിവയായിരുന്നു പ്രധാനമായും ചുമത്തപ്പെട്ട കുറ്റം. 1931 മാർച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിഞ്ഞു.
