
ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ സംസ്ഥാന ഉപാധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനിൽ അറസ്റ്റില്‍. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്.
അജ്മാനിലെ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പോലീസ് സ്‌റ്റേഷനില്‍ തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ കേസ് സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തുകയായിരുന്നു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്‍റെ പേരിലായിരുന്നു പരാതി. തിയതി വെക്കാതെ നല്‍കിയ ചെക്കായിരുന്നു ഇത്.
യു. എ. യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്‍റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തി. എന്നാല്‍ പരാതിക്കാര്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല. പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്ന വാദവും തുഷാറിന്‍റെ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. യു.എ.ഇ യിലെ ചില പ്രമുഖ പ്രവാസി വ്യവസായികള്‍ മുഖേന തുഷാറിനെ വ്യാഴാഴ്ച തന്നെ ജാമ്യത്തില്‍ ഇറക്കാനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചെക്ക് കേസ് ആയതിനാല്‍ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ തന്നെ പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍.
