തീവ്രവാദിയല്ലാ അവന്‍!അബുദാബി കോടതി വെറുതെ വിട്ട ശുഹൈബിനെതിരെ ഗുജറാത്ത് പോലീസിന്റെ അറസ്റ്റ്.

  • Post category:news
  • Reading time:1 min read
You are currently viewing തീവ്രവാദിയല്ലാ അവന്‍!അബുദാബി കോടതി വെറുതെ വിട്ട ശുഹൈബിനെതിരെ ഗുജറാത്ത് പോലീസിന്റെ അറസ്റ്റ്.

മലപ്പുറം:തീവ്രവാദി എന്ന പേരില്‍ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം കൊടിഞ്ഞി സ്വദേശി ശുഹൈബ് നിരപരാധിയെന്ന് ബന്ധുക്കള്‍. അഹമ്മദാബാദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസ് ശുഹൈബിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റാണെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ശുഹൈബ് രണ്ടത്താ ണിയില്‍ ഇലക്ട്രോണിക്ക് കട നടത്തിയിരുന്ന സമയത്ത് സത്താര്‍ ഭായ് എന്നയാളെ ജോലിക്ക് നിര്‍ത്തിയിരുന്നു. പിന്നീട് ഈ സ്ഥാപനം പൂട്ടി മറ്റുജോലികളിലേക്ക് തിരിഞ്ഞു.അതിനിടെ, സത്താര്‍ ഭായിയെ ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു. ഇതിനുശേഷമാണ് പോലീസ് ശുഹൈബിനെയും കുടുംബത്തെയും വേട്ടയാടാന്‍ തുടങ്ങിയത്.മാധ്യമങ്ങളില്‍ ശുഹൈബിനെക്കുറിച്ച് പ്രചരിക്കുന്നത് ശരിയല്ലെന്നും വേങ്ങരയിലെ പൈപ്പ് ബോംബ് കേസിലെ പ്രതിപ്പട്ടികയില്‍ ശുഹൈബിന്റെ പേരില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. നാട്ടില്‍ ഒരു കേസിലും പെടാത്ത ശുഹൈബ് ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഗള്‍ഫ് കോര്‍ഡിനേറ്ററാണെന്നും, സിമി പ്രവര്‍ത്തകനാണെന്നുമുള്ള അസത്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. അഹമ്മബാദ് സ്‌ഫോടനക്കേസിലെ ഒളിവില്‍ കഴിയുന്ന പ്രതിയാണെന്ന് പോലീസ് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ ശുഹൈബിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് 2010ല്‍ സൗദിയില്‍ നിന്ന് മടങ്ങുന്നതിനിടെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും ശുഹൈബിനെ പിടികൂടി. ഇന്ത്യയില്‍ ശുഹൈബിനെതിരെയുള്ള കേസുകളുടെ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് അബുദാബി കോടതി ശുഹൈബിനെ ജാമ്യത്തില്‍ വിടുകയും പിന്നീട് കേസുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. യുഎഇയില്‍ ജോലിചെയ്ത് വന്നിരുന്ന ശുഹൈബ് വിസ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കരിപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ശുഹൈബിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും, നീതി ലഭിക്കാനായി പോരാട്ടം തുടരുമെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

0Shares