തിരുവനന്തപുരം : കുറെ മനുഷ്യരുടെ മരണത്തിന് കാരണമായ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ നമ്മുടെ ഭരണകൂടം പെടാപ്പാട്പെട്ടതാണ്. അത് കൊണ്ടാണ് തെരുവ് നായ്ക്കളെ നിയന്ത്രിക്കാനായി തിരുവനന്തപുരം നഗരസഭാ പുതിയ പദ്ധതി തലസ്ഥാനത്ത് പ്രാവർത്തികമാക്കാൻ പോകുന്നത്. തെരുവുനായ ശല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം, അതിൽ കൂടുതലും തിരുവനന്തപുരത്തും. അത്കൊണ്ട് തന്നെ തെരുവ് നായ്ക്കൾക്ക് പുറമെ വളര്‍ത്തുനായകളുടെ കാര്യത്തിലും നിയന്ത്രണം കര്‍ശനമാക്കാൻ തിരുവനന്തപുരം നഗരസഭ നിർബന്ധിതരായി. നായ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് ഭരണകൂടം പുതിയ നീക്കം നടത്തിയത്.

നായയെ വളര്‍ത്തുന്നതിന് വര്‍ഷം തോറും 100 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് ലൈസന്‍സെടുക്കണം എന്നതാണ് പുതിയ നിയമം. ലൈസന്‍സില്ലാതെ നായയെ വളര്‍ത്താനാവില്ലെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. നായയെ വളര്‍ത്തി വില്‍ക്കുന്നവര്‍ക്കും ഇത് ബാധകമാണ്. അവര്‍ വര്‍ഷം 500 രൂപയുടെ ലൈസന്‍സാണ് എടുക്കേണ്ടത്. തെരുവുനായകളെ നിയന്ത്രിക്കാനും നഗരസഭ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. തെരുവുനായകളെ പിടിച്ച് വന്ധ്യംകരിച്ച് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നതാണ് ഒരു പദ്ധതി. നഗരത്തിലെ വളര്‍ത്തുനായകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പരിഗണനയിലുള്ളതായും, വന്ധ്യംകരണത്തിന് വിധേയരാകുന്ന നായകള്‍ക്ക് പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പും മൈക്രോ ചിപ്പും ഉറപ്പാക്കുമെന്നും നഗരസഭ ഉറപ്പ് നൽകുന്നു.