തിരുവനന്തപുരം: കെ.എസ്.ആ.ര്‍.ടി.സി എംപാനല്‍ കണ്ടക്ടറെ വീടുകയറി ക്രൂരമായി ആക്രമിച്ചു. കൈയും കാലു തല്ലിയൊടിച്ച് ജനനേന്ദ്രിയവും മുറിച്ചു.
കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറിനെ(47)യാണ് വ്യാഴാഴ്ച രാത്രി 10.30 ഓടെ ആറംഗം സംഘം ആക്രമിച്ചത്. സ്‌കൂട്ടറുകളിലായെത്തിയ സംഘം വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് സജികുമാറിനെ ക്രൂരമായി മര്‍ദിച്ച ശേഷം കമ്പി പാര കൊണ്ട് ഇരുകാലും കൈയ്യും അടിച്ചൊടിക്കുകയായിരുന്നു. സജികുമാറിനെ കൂടാതെ വീട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാതാപിതാക്കളുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തുമ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു.
ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജികുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സംഭവ സ്ഥലത്ത് നിന്ന് അക്രമികളുടേതെന്ന് കരുതുന്ന രണ്ട് ആക്ടീവ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവിവാഹിതനായ സജികുമാര്‍ കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടറാണ്. മാറനല്ലൂര്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷമല്ലെന്നാണ് പോലീസ് നിഗമനം.സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.