തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; അദാനി അയയുന്നുവോ?; കേരളത്തിനെ പങ്കാളിയാക്കാന്‍ വിരോധമില്ലെന്ന് അദാനി ഗ്രൂപ്പ്; മുന്നിലുള്ള വഴികളും സാധ്യതകളും

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; അദാനി അയയുന്നുവോ?; കേരളത്തിനെ പങ്കാളിയാക്കാന്‍ വിരോധമില്ലെന്ന്  അദാനി ഗ്രൂപ്പ്; മുന്നിലുള്ള വഴികളും സാധ്യതകളും

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള നടത്തിപ്പിൽ സംസ്ഥാന സർക്കാർ രൂപം നൽകിയ ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിനെക്കൂടി (ടിയാൽ) പങ്കാളിയാക്കാൻ വിരോധമില്ലെന്ന് അദാനി ഗ്രൂപ്പ്. ശശി തരൂർ എം.പി മുൻകയ്യെടുത്തു നടത്തിയ ചർച്ചയിലാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അനുകൂല സൂചന നൽകിയത്.

ടിയാലിന്‍റെ ചെയർമാൻ സ്ഥാനം ഉൾപ്പെടെ സംസ്ഥാന സർക്കാർ വഹിക്കുന്നതിൽ എതിർപ്പില്ല. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിനു വിമാനത്താവള നടത്തിപ്പിൽ താൽപര്യമുണ്ടെങ്കിൽ പങ്കാളിത്തം അനുവദിക്കുന്നതിൽ അദാനി ഗ്രൂപ്പിന് എതിർപ്പില്ലെന്ന നിലപാടാണു ഗൗതം അദാനി അറിയിച്ചത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെ പുരോഗമിക്കുന്നതു കൂടി പരിഗണിച്ചാണു തീരുമാനം.

തിരുവനന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു സ്വകാര്യ ഏജൻസികൾക്കു കൈമാറാനുള്ള ടെൻഡറിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവസാന തീയതി നാളെയാണ്. 3 വിമാനത്താവളങ്ങളുടെ ടെൻഡർ കേന്ദ്രം നേരത്തെ അംഗീകരിച്ചിരുന്നു. സർക്കാരിന്‍റെ എതിർപ്പു പരിഗണിച്ചാണു തിരുവനന്തപുരത്തിന്‍റെ തീരുമാനം നീട്ടിയത്.

നടത്തിപ്പ് ഏറ്റെടുക്കുന്ന കമ്പനിക്കു കുറഞ്ഞത് 26% പങ്കാളിത്തം വേണമെന്നാണു ടെൻഡർ നിബന്ധന. 74% വിഹിതം മറ്റു കമ്പനികൾക്കോ വ്യക്തികൾക്കോ കൈമാറാം. അതിനാൽത്തന്നെ അദാനി നടത്തിപ്പ് ഏറ്റെടുത്ത ശേഷം ടിയാലിനെ പങ്കാളിയാക്കുന്നതിൽ നിയമതടസ്സമുണ്ടാകില്ല. കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ രൂപം നൽകിയ ടിയാലിലും 26% സർക്കാർ വിഹിതം എന്നാണു പ്രാഥമികധാരണ. ബാക്കി 74% സ്വകാര്യ നിക്ഷേപമായിരിക്കും.

മുന്നിലുള്ള വഴികളും സാധ്യതകളും

1. ടെൻഡറിൽ മുന്നിലെത്തിയ അദാനി ഗ്രൂപ്പ് പിന്മാറുക.

സാമ്പത്തിക നഷ്ടത്തിനു പുറമേ കമ്പനിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ സാധ്യത കുറവ്.

2. നടത്തിപ്പ് ഏറ്റെടുത്ത ശേഷം ടിയാലിനു പങ്കാളിത്തം നൽകുക.

സംസ്ഥാന സർക്കാർ തീരുമാനിക്കണം.

3. കേന്ദ്രസർക്കാർ ടെൻഡർ റദ്ദാക്കുക.

മറ്റു സംസ്ഥാന സർക്കാരുകളും വിമാനത്താവള സ്വകാര്യവൽക്കരണത്തെ എതിർക്കാൻ വഴിയൊരുക്കുമെന്നതിനാൽ സാധ്യത കുറവ്.

0Shares