തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ ഗുരുതര അണുബാധ. ഈ വര്‍ഷം രണ്ടാം തവണയാണ് ബാക്ടീരിയ ബാധ റിപോര്‍ട്ട് ചെയ്തത്. അപൂര്‍വമായി കാണുന്ന ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധ രോഗികളില്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആങ്കപ്പെടേണ്ടതിലിലെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. 30 മുതല്‍ 40 വരെ ഡയാലിസിസുകള്‍ ഇവിടെ നടക്കുന്നുണ്ട്. ഏപ്രിലിലാണ് ബാക്ടീരിയ ബാധ ആദ്യം കണ്ടെത്തിയത്. ഇത്തവണ ജൂണിലും ഈ മാസവുമായി ഡയാലിസിസ് നടത്തിയ ആറു രോഗികളിലും രോഗ ബാധ കണ്ടെത്തി.
മണ്ണ്, വെള്ളം എന്നിവ വഴി പകരുന്ന ബാക്ടീരയുടെ ഉറവിടം തീവ്ര പരിചരണ വിഭാഗത്തിലടക്കം വെള്ളം എത്തിക്കുന്ന ജല സംഭരണി ആണെന്നാണ് നിഗമനം. ഗുരുതര രോഗം ബാധിച്ച രോഗികള്‍ക്ക് ബാക്ടീരിയ ബാധ ഉണ്ടായാല്‍ മരണം വരെ സംഭവിക്കാവുന്ന സാഹചര്യമാണുള്ളത്. അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയാലിസിസ് യൂണിറ്റിലെ ഉപകരണങ്ങളെല്ലാം മാറ്റി. അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ എത്തിച്ച് ഡയാലിസിസ് തുടരാനാണ് തീരുമാനം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ; ബാക്ടീരിയ ബാധ സ്ഥിരീകരിക്കുന്നത് ഈ വര്‍ഷം രണ്ടാം തവണ