തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം; 500 കോടിയോളം രൂപയുടെ നാശനഷ്ടം

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം; 500 കോടിയോളം രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. 4 നിലയുള്ള കെട്ടിടവും അതിനുള്ളിലുണ്ടായിരുന്ന ഉല്‍പന്നങ്ങളും മറ്റും പൂര്‍ണമായും കത്തിയമര്‍ന്നു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉല്‍പാദന യൂണിറ്റിന്റെ മൂന്നാംനിലയില്‍ തീയും പുകയും ഉയര്‍ന്നത്. രണ്ടാം ഷിഫ്റ്റില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 120 പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടമാകെ തീ വ്യാപിക്കുന്നതിനിടെ വലിയ ശബ്ദത്തില്‍ ഇരുപതിലേറെ പൊട്ടിത്തെറികളുമുണ്ടായി.രാജ്യാന്തര വിമാനത്താവളം, വിഎസ്എസ്സി, എയര്‍ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകളും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ അഗ്നിശമന യൂണിറ്റുകളും തീ അണയ്ക്കാന്‍ എത്തി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അഗ്നിശമന യൂണിറ്റുകള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അര്‍ധരാത്രി പിന്നിട്ടിട്ടും തീയണയ്ക്കാന്‍ കഴിഞ്ഞില്ല. പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കല്‍ ബാരലുകളും രാസവസ്തുക്കളുമാണു തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫാക്ടറിക്കു സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിനായി നിര്‍മിച്ച വേദിയും കത്തിയമര്‍ന്നു.ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റും ഗോഡൗണുമെല്ലാം രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2 ദിവസം മുമ്പ് ഇതേ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീപിടിത്തം ഉണ്ടായിരുന്നു. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ.പ്രശാന്ത് എന്നിവര്‍ സ്ഥലത്തെത്തി. വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ 2 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയറാം രഘു (18), കോന്നി സ്വദേശി ഗിരീഷ് (21) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

0Shares