തിന്മയെ ത്യജിച്ച് നന്മയെ വരവേല്‍ക്കാന്‍ നാടെങ്ങും ഹോളി ആഘോഷ തിമിര്‍പ്പില്‍;നിറയെ നിറങ്ങളുമായി ഗൂഗിള്‍ ഡൂഡിലും.

  • Post category:news
  • Reading time:1 min read
You are currently viewing തിന്മയെ ത്യജിച്ച് നന്മയെ വരവേല്‍ക്കാന്‍ നാടെങ്ങും ഹോളി ആഘോഷ തിമിര്‍പ്പില്‍;നിറയെ നിറങ്ങളുമായി ഗൂഗിള്‍ ഡൂഡിലും.

ന്യൂഡല്‍ഹി: നിറങ്ങളില്‍ നീരാടി നാടും നഗരവും ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മതസ്ഥര്‍ പങ്കെടുക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക് ഇത്തവണയും ആവേശത്തിന് ഒട്ടും കുറവില്ല. വിഷ്ണു ഭക്തനായ പ്രഹ്‌ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളി പുരാണം.

നന്മയുടെ പ്രതീകമായ പ്രഹ്‌ളാദന്‍ തിന്മയുടെ പ്രതീകമായ സ്വന്തം സഹോദരി ഹോളികയുമൊത്ത് അഗ്‌നികുണ്ഡത്തില്‍ ഇരുന്നു. തിന്മയുടെ പ്രതീകം കത്തി ചാമ്പലാവുകയും നന്മ നിറഞ്ഞവനായ പ്രഹ്‌ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു എന്നുമാണ് ഐതീഹ്യം. വസന്ത കാലത്തെ വരവേല്‍ക്കുന്ന ഉത്സവം എന്ന പ്രത്യേകത കൂടി ഹോളിക്കുണ്ട്.വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന ഹോളി ദിനത്തിന്റെ ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തേച്ചും വര്‍ണപൊടികള്‍ വാരിവിതറിയുമാണ് ആഘോഷം.

ഉത്തരേന്ത്യയിലാണ് പ്രധാന ഹോളി ആഘോഷങ്ങളെങ്കിലും ദക്ഷിണേന്ത്യയിലും ഹോളി ഇപ്പോള്‍ വിപുലമായി തന്നെ ആഘോഷിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാര്‍ ഏറെ താമസിക്കുന്ന കൊച്ചിയിലും വിപുലമായ ആഘോഷമാണ് നടക്കുന്നത്. ബാന്റ് വാദ്യങ്ങള്‍ മുഴക്കിയും വിവിധ വര്‍ണ്ണങ്ങള്‍ പരസ്പരം വാരിയെറിഞ്ഞും കണ്ണൂരിലെ ഇതര സംസ്ഥാനക്കാരും ഹോളി ആഘോഷം പൊടിപൊടിച്ചു. രാജസ്ഥാന്‍ സമാജ് കണ്ണൂരിന്റെ നേതൃത്വത്തിലാണ് നൂറോളം ഉത്തരേന്ത്യക്കാര്‍ പങ്കെടുത്ത ഹോളി ആഘോഷിച്ചത്.

നിറങ്ങള്‍ വിതറുന്ന ഡൂഡിലുമായി ഗൂഗിളും ഹോളി ആഘോഷത്തില്‍ പങ്കു ചേരുന്നു. ഒരു കൂട്ടം ആള്‍ക്കാര്‍ നിറങ്ങള്‍ വിതറി ഓടുന്നതും ഗൂഗിള്‍ എന്ന് എഴുതി വരുന്നതാണ് ആനിമേഷനില്‍ ഇത്തവണ ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.

0Shares