താൻ മദ്യപിച്ചിരുന്നില്ല: അപകട സമയത്ത് വാഹനം ഓടിച്ചത് വഫ; വിശദീകരണവുമായി ശ്രീറാം വെങ്കിട്ടരാമന്‍

  • Post category:news
  • Reading time:1 min read
You are currently viewing താൻ മദ്യപിച്ചിരുന്നില്ല: അപകട സമയത്ത് വാഹനം ഓടിച്ചത് വഫ; വിശദീകരണവുമായി ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നു സസ്പെന്‍ഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്ന് വ്യക്തമാക്കുന്ന ശ്രീറാം, തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണ കുറിപ്പ് പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും. തന്‍റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടി നേരിടുന്ന സാഹചര്യത്തില്‍ ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കുകയുണ്ടായിരുന്നു.

ആവശ്യമെങ്കില്‍ സമിതി മുന്‍പാകെ വിശദീകരണം നല്‍കുന്നതിന് അവസരം നല്‍കും. ഓഗസ്റ്റ് 3 രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ 1969 ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) റൂള്‍സ് റൂള്‍ 3(3) അനുസരിച്ചാണ് ചീഫ് സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദീകരണവും തേടിയിരുന്നു.

മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.

0Shares