റാവല്‍പിണ്ടി: താലിബാന്റെ ഗോഡ് ഫാദര്‍ എന്ന് അറിയപ്പെട്ടിരുന്ന നേതാവ് മൗലാന സമിയുള്‍ ഹഖ് (82) കുത്തേറ്റ് മരിച്ച നിലയില്‍. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹഖിന്റെ റാവല്‍പിണ്ടിയിലുള്ള വീട്ടില്‍ വച്ചാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. പാകിസ്താനിലെ മാധ്യമങ്ങളാണ് ഹഖ് കൊല്ലപ്പെട്ട വിവരം ആദ്യം പുറത്ത് വിട്ടത്. താലിബാനടക്കമുള്ള തീവ്രവാദ സംഘടനകളെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ‘താലിബാന്റെ പിതാവ്’ എന്ന് ലോകം വിളിച്ച് തുടങ്ങിയത്. പാക്ക് തലസ്ഥാനമായ ഇസ്ലാമബാദില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഹഖ് പുറപ്പെട്ടെങ്കിലും ഗതാഗത തടസം കാരണം വസതിയിലേക്ക് തന്നെ മടങ്ങി. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും പുറത്ത് പോയിരുന്നു. ഈ സമയത്താണ് അജ്ഞാതരായ അക്രമികളുടെ ആക്രമണമുണ്ടായതെന്ന് ഹഖിന്റെ മകന്‍ ഹമിദുല്‍ പറഞ്ഞതായി പാക്ക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അച്ഛന്റെ ശരീരത്തില്‍ അക്രമികള്‍ നിരവധി തവണ കുത്തിയതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ഹമിദുല്‍ കൂട്ടിച്ചേര്‍ത്തു.
ഹഖിന്റെ സുരക്ഷാഭടന്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹം രക്തത്തില്‍കുളിച്ച നിലയിലായിരുന്നു. ഹഖ് അക്രമക്കപ്പെടുമ്പോള്‍ ബന്ധുക്കള്‍ ആരും വീട്ടിലുണ്ടായിരുന്നില്ലെന്ന് ജെയുഐഎസ് നേതാവ് മൗലാന അബ്ദുല്‍ മജീദ് പറഞ്ഞു. ഹഖിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി റാവല്‍പിണ്ടിയിലെ ഡിഎച്ച്ക്യു ആശുപത്രിയിലേക്കു മാറ്റി. 1985 ലും 1991 ലും സെനറ്റ് ഓഫ് പാകിസ്താനിലെ അംഗമായിരുന്ന ഹഖ് സെനറ്റില്‍ ചരിത്രപരമായ ശരിയത്ത് ബില്‍ പാസാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ജമിയത്ത് ഉലമ-ഇ-ഇസ്ലാം-സമി(ജെയുഐഎസ്) എന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവും പാകിസ്താനില്‍ ഏറെ സ്വാധീനമുള്ള മതപാഠശാലകളിലൊന്നായ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസ തലവനുമായിരുന്നു ഹഖ്. ദൈവനിന്ദ ആരോപിക്കപ്പെട്ട ക്രിസ്തന്‍ മതവിശ്വാസിയായ ആസിയ ബീബിയെ പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതോടെ പാക്കിസ്ഥാനില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഹഖിന്റെ വധത്തിന്റെ വാര്‍ത്ത പുറത്തു വരുന്നത്.
താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹക്ക് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു