തായ് ഗുഹയില്‍ ഓക്‌സിജൻ്റെ അളവ് കുറയുന്നു; ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തായ് ഗുഹയില്‍ ഓക്‌സിജൻ്റെ അളവ് കുറയുന്നു; ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഗുഹയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. സമര്‍ണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണ് മരണം. ഓക്‌സിജന്‍ കിട്ടാതെയാണ് മരണമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതോടെ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം മന്ദഗതിയിലായിരിക്കുകയാണ്. വ്യാഴാഴ്ച ലുവാങ് ഗുഹക്കുള്ളിലെ വെള്ളം നീക്കുകയായിരുന്നു പ്രധാന ജോലി. വ്യാഴാഴ്ച മാത്രം 12.8 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്തുകളഞ്ഞു. അതോടെ മണിക്കൂറില്‍ 1.5 സെ.മീ. എന്ന നിലയിലായി ജലനിരപ്പ്. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്, ഗുഹാമുഖത്തുനിന്ന് ഉള്ളിലേക്ക് 1.5 കി.മീ. വരെ സഞ്ചരിക്കാന്‍ കഴിഞ്ഞു. ഭക്ഷണവും വെള്ളവും ഗുഹയിലേക്ക് എത്തിക്കുന്നുണ്ട്. ഒരാഴ്ചക്കകം തായ്‌ലന്‍ഡിന്റെ വടക്കന്‍ മേഖലയില്‍ കാലവര്‍ഷം ശക്തമാകുമെന്നാണു കാലാവസ്ഥ പ്രവചനം. ഗുഹ സ്ഥിതിചെയ്യുന്ന ചിയാങ് റായ് പ്രവിശ്യ വടക്കന്‍ തായ്‌ലന്‍ഡിലാണ്. മഴ നിലക്കണമെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം. ഗുഹയുടെ കവാടത്തില്‍ നിലവില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മഴ പെയ്താല്‍ ജലനിരപ്പ് വര്‍ധിക്കും. പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന ഇടത്തില്‍ നിന്ന് 400 മീറ്റര്‍ മാറിയാണ് കുട്ടികളുള്ളത്. കോച്ചിന്റെയും ചില കുട്ടികളുടെയും ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.പരിശീലനം ലഭിച്ച മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളം കുറയുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കുട്ടികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയിട്ടെ അവരെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുവെന്ന് തായ്‌ലന്റ് ഭരണകൂടം അറിയിച്ചു. അതേസമയം കുട്ടികളുടെ ഇരിക്കുന്ന ഭാഗത്തിന് മുകളിലായി ഒരു വിടവ് കണ്ടെത്തി അതൊരു തുരങ്കമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആലോചനയിലുണ്ട്. ഇതിനായി മലമുകളില്‍ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതും കാലതാമസമുള്ള മാര്‍ഗമാണ്. മഴക്കാലമായതിനാല്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതേസമയം ഗുഹയില്‍ നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ തായ് നാവിക സേന ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. തണുപ്പിനെ അതിജീവിക്കാന്‍ ലോഹപുതപ്പുകള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ഇരിക്കുന്നത്. ജൂണ്‍ 23-ാം തീയതിയാണ് 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും ഗുഹയില്‍ കുടുങ്ങുന്നത്. 9 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ അവരെ ജീവനോടെ കണ്ടെത്തുകയായിരുന്നു.

0Shares