
തിരുവനന്തപുരം: തുടര്‍ച്ചയായി അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്ന പി.സി ജോര്‍ജിനെതിരേ അക്രമത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക്് പരാതി നല്‍കി. അക്രമത്തിന് ശേഷം താന്‍ എന്തുചെയ്യണമെന്നാണ് പി.സി ജോര്‍ജ് പറയുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? സമൂഹ മധ്യത്തില്‍ നിന്ന് ഒളിച്ചോടണോ? ഞാനെന്ത് തെറ്റ് ചെയ്‌തെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നേല്‍ നന്നായിരുന്നുവെന്ന് കത്തില്‍ പറയുന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങള്‍ക്ക് നീതികിട്ടാന്‍ ആശ്രയിക്കുന്ന വനിതാകമ്മിഷനെതിരേ ഇത്ര കടുത്ത ഭാഷയില്‍ ലജ്ജയിലില്ലാതെ പറയാമെങ്കില്‍ തന്നെ പോലെയുള്ള സ്ത്രീകളെ എന്തുകൊണ്ട് അധിക്ഷേപിച്ചുകൂടാ നടി ചോദിക്കുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനേക്കുറിച്ച് ജനപ്രതിനിധിയടക്കമുള്ളവര്‍ ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ അതിന്റെ ഭാവിയേക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ പറയുന്നു. വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവാണ് അവരുടെ ഫെയ്സ്ബുക്ക് പേജ് വഴി കത്ത് പുറത്തുവിട്ടത്.
നടി മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം ചുവടെ
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ഇങ്ങനെയൊരു കത്ത് എഴുതേണ്ടി വരും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തകനും ജനപ്രതിനിധിയുമായ ശ്രീ.പി.സി.ജോര്‍ജ് എന്നെക്കുറിച്ച് അങ്ങേയറ്റം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ഭരണാധിപന്‍ എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ അങ്ങയുടെ കൂടെ ശ്രദ്ധയില്‍പെടുത്തണമെന്ന് തോന്നിയതു കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കഴിഞ്ഞ കുറേ മാസങ്ങളായി ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക വ്യഥകള്‍ എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാന്‍ എനിക്ക് ആവതില്ല. കടന്നു പോകുന്ന ഓരോ നിമിഷങ്ങളിലും അസഹനീയമായ അപമാനത്തിന്റെ വേദന എന്നെ വരിഞ്ഞുമുറുക്കുന്നുണ്ട്. അമ്മയും സഹോദരനും ഞാനുമുള്‍പ്പെട്ട ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതല്ല എന്റെ ജീവിതത്തില്‍ സംഭവിച്ചത്. പക്ഷേ തകര്‍ന്നു പോകരുതെന്നും അവസാനം വരെ പിടിച്ചു നില്ക്കണമെന്നുള്ള അതിശക്തമായ ഒരു തോന്നലിന്റെ പുറത്താണ് ഞാന്‍ ദിവസങ്ങള്‍ കഴിക്കുന്നത്. ആത്മശക്തിയും ആത്മവിശ്വാസവും മുറുക്കെ പിടിച്ച് തിരിച്ചുവരവിനായുള്ള ശ്രമം ആക്രമിക്കപ്പെട്ടതിന്റെ പിറ്റേനാള്‍ മുതല്‍ ഞാന്‍ നടത്തി കൊണ്ടിരിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, ഈ സമരത്തില്‍ തോല്ക്കരുതെന്ന് ആഗ്രഹിച്ചിട്ട്…. ഞാന്‍ തോറ്റാല്‍ തോല്ക്കുന്നത് എന്നെപ്പോലെ ആക്രമിക്കപ്പെട്ട മറ്റനേകം സ്ത്രീകളും കൂടെയാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്…
സാര്‍, അങ്ങനെയൊരു തിരിച്ചുവരവിനു ശ്രമിക്കുന്ന എന്നെക്കുറിച്ച് അങ്ങ് കൂടി അംഗമായ നിയമസഭയിലെ ഒരു ജന പ്രതിനിധി പറഞ്ഞത്, ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് പിറ്റേ ദിവസം പോയി സിനിമയില്‍ അഭിനയിക്കാന്‍ പറ്റുന്നത്?” എന്നാണ്… സംഭവത്തിന്റെ പിറ്റേ ദിവസം ഞാന്‍ നേരത്തേ കമ്മിറ്റ് ചെയ്ത ഒരു ഷൂട്ടിംഗിന് പോകേണ്ടതുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പ്രസ്താവിക്കുന്നതു പോലെ പിറ്റെ ദിവസം ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ടില്ല. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് എന്റെ സിനിമയുടെ സംവിധായകനും നിര്‍മാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നെ വിളിച്ച് ഞാന്‍ മടങ്ങിചെല്ലണമെന്നും ജോലിയില്‍ തുടരണമെന്നും നിരന്തരമായി നിര്‍ബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് ഞാന്‍ നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. ആ സഹപ്രവര്‍ത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്ന് തന്നെ സംശയമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കേ നിജസ്ഥിതി അറിയാതെ സംസാരിക്കുവാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിക്കുന്നു? പി സി ജോര്‍ജിനെ പോലുള്ളവര്‍ ഞാന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ?
