താനൂരിലെ അശാന്തിയെ ചൊല്ലി നിയമ സഭയില്‍ ബഹളം.

  • Post category:news
  • Reading time:1 min read
You are currently viewing താനൂരിലെ അശാന്തിയെ ചൊല്ലി നിയമ സഭയില്‍ ബഹളം.

തിരുവനന്തപുരം: സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം നടന്ന താനൂരില്‍ സ്ഥിതിഗതികള്‍ ഇനിയും ശാന്തമായിട്ടില്ല. ഞായറാഴ്ച്ച രാത്രി മുതല്‍ തുടങ്ങിയ ആക്രമണം ഇനിയും പൂര്‍ണതോതില്‍ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദു റഹ്മാന്‍ രണ്ടത്താണി ഇടത് സ്ഥാനാര്‍ത്ഥി വി. അബ്ദു റഹ്മാനോട് തോറ്റതിന് പിന്നാലെയാണ് താനൂര്‍ കലാപ ഭൂമിയായത്. അന്നു നടന്ന ആക്രമണത്തില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇതോടെ അക്രമികളെ തേടി വീടുകളില്‍ പോലീസ് കയറിയിറങ്ങി. എന്നാല്‍ അക്രമികളില്‍ പ്രധാനികളെ കിട്ടാതെ വന്നതോടെ പോലീസ് അക്രമത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

 

വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സ്ത്രീകളെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ എല്ലാവരെയും പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും പ്രദേശവാസികള്‍ പറയുന്നു. ഇത് ചോദ്യം ചെയ്തവരെ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍ പറഞ്ഞ് വിരട്ടുകയായിരുന്നു പോലീസ് എന്നും അവര്‍ പറഞ്ഞു. താനൂര്‍ ചാപ്പപ്പടി കോര്‍മന്‍ കടപ്പുറത്ത് ഞായറാഴ്ച്ച രാത്രി പത്തു മണിയോടെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. സി.പി.എം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അന്യോന്യം ഏറ്റുമുട്ടിയതോടെ വീടുകള്‍ തകര്‍ത്തും തീവെച്ചും പെട്രോള്‍ ബോംബിട്ടും കാര്യങ്ങള്‍ കൈവിട്ട നിലയിലായി. താനൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. താനൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഒട്ടേറെപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0Shares