
പട്ന: ബീഹാറിലെ മുംഗര്‍ ജില്ലയില്‍നിന്നുള്ള സകാല്‍ ദേവ് ടുഡ്ഡുവെന്ന 63 കാരൻ തൻ്റെ മുടി മുറിക്കാതെ കഴുകാതെ കൊണ്ടുനടക്കുകയാണ്. മുടിയിൽ ദൈവാനുഗ്രഹമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കഴിഞ്ഞ വർഷമായി ഇദ്ദേഹം ഈ വിശ്വാസം കൊണ്ട് നടക്കുന്നു.
വളര്‍ന്നുവളര്‍ന്ന് ജടകെട്ടി കാല്‍ച്ചുവട്ടിലെത്തിയ മുടിയെ മുറിക്കാൻ ഇദ്ദേഹം തയ്യാറല്ല. മടക്കിമടക്കി തലയില്‍വെച്ചും കൈകളിലേന്തിയും ഇദ്ദേഹം ഇക്കാലമത്രയും ഈ മുടിയെ നിലനിർത്തിപോകുന്നു. ദൈവാനുഗ്രഹം കിട്ടിയശേഷം പുകവലിയും മദ്യപാനവും ഉപേക്ഷിച്ചതായും അദ്ദേഹം പറയുന്നു. കഴുകാറില്ലെങ്കിലും മുടി വളരെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാണ്. പുറത്തുപോകുമ്പോൾ വെള്ളത്തുണികൊണ്ട് മൂടി പൊടിതട്ടാതെയാണ് സൂക്ഷിക്കുന്നത്.

31 വര്‍ഷത്തോളം വനംവകുപ്പില്‍ ജീവനക്കാരനായിരുന്നു സകാല്‍. ഇപ്പോള്‍ ഭാര്യ രുപിയ ദേവിക്കും മക്കള്‍ക്കുമൊപ്പം വിശ്രമജീവിതം നയിക്കുന്നു. തൻ്റെ മുടി ഭാര്യക്കൊരിക്കലും അലോസരമായി തോന്നിയിട്ടില്ലെന്ന് സകാല്‍ പറയുന്നു. മുടി നീട്ടി വളര്‍ത്തി റെക്കോഡ് നേടണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്.
സകാല്‍ മികച്ചൊരു നാട്ടുവൈദ്യനെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ചില ഒറ്റമൂലികള്‍ ഇദ്ദേഹം നിര്‍ദേശിക്കാറുണ്ട്. അതൊക്കെ ഫലിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ അനുഭവസാക്ഷ്യം. സകാലിനെ കാണാനും അദ്ദേഹത്തിൻ്റെ മുടിമാഹാത്മ്യം അടുത്തറിയാനും ദൂരെനിന്നുപോലും ആളുകളെത്തുന്നു.
