തലസ്ഥാനത്ത് ബി. ജെ. പി- സി. പി. ഐ. എം സംഘര്‍ഷം; ബി. ജെ. പി സംസ്ഥാന കമ്മിറ്റി ഓഫീസിനും സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനും കൗണ്‍സിലര്‍മാരുടെ വീടിനുനേരെയും ആക്രമണങ്ങൾ; പാർട്ടി ഓഫീസുകൾക്ക് തലസ്ഥാനത്ത് കനത്ത സുരക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing തലസ്ഥാനത്ത് ബി. ജെ. പി- സി. പി. ഐ. എം സംഘര്‍ഷം; ബി. ജെ. പി സംസ്ഥാന കമ്മിറ്റി ഓഫീസിനും സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനും കൗണ്‍സിലര്‍മാരുടെ വീടിനുനേരെയും ആക്രമണങ്ങൾ; പാർട്ടി ഓഫീസുകൾക്ക് തലസ്ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: തലസ്ഥാനത്ത് ബി. ജെ. പി- സി. പി. ഐ.എം സംഘര്‍ഷം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഘർഷങ്ങൾക്ക് തുടക്കം. പുലർച്ചെ ബി. ജെ. പി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. അക്രമികളുടെ ദൃശ്യങ്ങൾ സി. സി. ടി. വിയിൽ പതിഞ്ഞിട്ടുണ്ട്. ഡിവൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി. ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് ബി. ജെ. പി ആരോപിക്കുന്നു.

ഈ സംഭവത്തിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് നേരെയും കല്ലേറുണ്ടായത്. കല്ലേറിൽ ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഭവ സമയത്ത് കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകരാണെന്ന് സി. പി. ഐ. എം ആരോപിക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ സി. ഐ. ടി. യു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശിയുടെ വീടിനുനേരെയും സി. പി. ഐ. എം ചാല ഏരിയ സെക്രട്ടറി എസ്. എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീടിനുനേരെയും ആക്രമണമുണ്ടായിരുന്നു.

അതേസമയം, തലസ്ഥാനത്തുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ തിരുവനന്തപുരത്തുള്ള പാർട്ടി ഓഫീസുകൾക്കെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അക്രമം നേരിടാൻ കൈക്കരുത്തുണ്ടെന്ന ബി. ജെ. പി നേതാവ് മുരളീധരന്റെ പ്രസ്താവനയെ തുടർന്നാണ് ഇത്.

0Shares